Xpress Publishing via blog@xpresstvm.tk
Showing posts with label Desabhimani. Show all posts
Showing posts with label Desabhimani. Show all posts
Tuesday, 13 December 2011
പൈപ്പ് പൊട്ടല്‍ ജീവിത താളം തെറ്റിക്കുന്നു
Posted on: 13-Dec-2011 06:57 AM
തിരു: കരകുളം പത്താംകല്ല് മുതല്‍ പേരൂര്‍ക്കട വരെ നിരന്തരമായ പൈപ്പ് പൊട്ടല്‍ ജനജീവിതത്തെ താളംതെറ്റിക്കുന്നു. ഒരുവര്‍ഷത്തിനിടയില്‍ പന്ത്രണ്ടോളം തവണയാണ് ഈ പ്രദേശത്ത് കുടിവെള്ളപൈപ്പ് പൊട്ടിയത്. ജലമില്ലാതെ നരകയാതന അനുഭവിക്കുന്നത് സാധാരണക്കാരായ ജനങ്ങള്‍ . അരുവിക്കര പ്ലാന്റില്‍നിന്നു നഗരത്തിലേക്ക് വെള്ളമെത്തിക്കുന്നതിന് ഇതുവഴി മൂന്ന് പൈപ്പ് പോകുന്നുണ്ട്. രണ്ടെണ്ണം കാസ്റ്റ് അയണ്‍ നിര്‍മിതവും ഒന്ന് കോണ്‍ക്രീറ്റ് പൈപ്പുമാണ്. ഇതില്‍ കോണ്‍ക്രീറ്റ് പൈപ്പാണ് നിരന്തരം പൊട്ടുന്നത്. 15 വര്‍ഷംമുമ്പാണ് പൈപ്പ് ഇട്ടത്. ഇതിനിടെ, 60 തവണ പൊട്ടി. ഗുണനിലവാരം കുറഞ്ഞ പൈപ്പായതിനാല്‍ ജലത്തിന്റെ അമിതസമ്മര്‍ദം കാരണമാണ് പൈപ്പ് പൊട്ടുന്നത്. ഉടന്‍ അറ്റകുറ്റപ്പണിക്കായി ജലവിതരണം നിര്‍ത്തും. പൈപ്പിന്റെ തകരാര്‍ പരിഹരിക്കുന്നത് ദിവസങ്ങള്‍ നീളുമ്പോള്‍ ജലമില്ലാതെ ജനം നട്ടംതിരിയും. നിരന്തരമായ പൈപ്പ് പൊട്ടലില്‍ ഗതികെട്ട് കഴിഞ്ഞദിവസം ജനം പ്രതിഷേധിച്ചു. ഞായറാഴ്ച രാത്രി പൊട്ടിയ പൈപ്പിലെ തകരാര്‍ പരിഹരിക്കുന്നതിനു പകരം പഴയ പൈപ്പുകള്‍ മാറ്റി പുതിയത് സ്ഥാപിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു. ഇപ്പോഴത്തെ തകരാര്‍ പരിഹരിച്ചശേഷം പുതിയ പൈപ്പുകള്‍ ഇടുന്നതിനുള്ള നടപടി ആരംഭിക്കുമെന്ന് ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും യോഗത്തില്‍ ധാരണയായി.
താണ്ഡവമാടി ജലഭീകരന്‍
Posted on: 13-Dec-2011 06:57 AM
തിരു: മുല്ലപ്പെരിയാര്‍ പൊട്ടിയാലുള്ള ഭീകരതയെക്കുറിച്ച് ഇത്രനാളും കേട്ടറിഞ്ഞ അനുഭവമേ പുരവൂര്‍ക്കോണത്തുകാര്‍ക്ക് ഉണ്ടായിരുന്നുള്ളൂ. ഞായറാഴ്ച രാത്രി തലസ്ഥാന നഗരിയിലേക്കുള്ള പ്രധാന പൈപ്പ്ലൈന്‍ ഉഗ്രസ്ഫോടനത്തോടെ പൊട്ടിയൊഴുകിയപ്പോള്‍ "മുല്ലപ്പെരിയാര്‍ ഭീതി" എന്തെന്ന് പുരവൂര്‍ക്കോണത്തുകാരും നേരിട്ടറിഞ്ഞു. ഒരു പൈപ്പ്ലൈന്‍ പൊട്ടി കുത്തിയൊലിച്ചപ്പോള്‍ ജലഭീകരന്‍ താണ്ഡവമാടിയത് ഇങ്ങനെയെങ്കില്‍ മുല്ലപ്പെരിയാര്‍ പൊട്ടിയാല്‍ എന്താകുമെന്നാണ് ഒരു നിമിഷം പ്രദേശവാസികള്‍ ചിന്തിച്ചത്. ജീവനും ഉടുതുണിയുമൊഴികെ എല്ലാം കവര്‍ന്നെടുത്ത് ജലഭീകരന്‍ അവരുടെ സര്‍വസ്വവും കിള്ളിയാറിലേക്ക് എടുത്തെറിയുകയായിരുന്നു. നാടൊന്നടങ്കം വിറങ്ങലിച്ചുപോയ നിമിഷങ്ങള്‍ . പുരവൂര്‍ക്കോണത്തെ നിരവധി കുടുംബങ്ങളെ വഴിയാധാരമാക്കിക്കൊണ്ട് അരുവിക്കര ജലസംഭരണിയില്‍ നിന്നു നഗരത്തിലേക്കുള്ള പ്രധാന പൈപ്പ്ലൈന്‍ പൊട്ടിയൊഴുകിയത് ഞായറാഴ്ച രാത്രി പത്തരയോടെയാണ്. എന്താണ് സംഭവിക്കുന്നതെന്ന് തിരിച്ചറിയുംമുമ്പ് എല്ലാം കുത്തിയൊലിച്ച് റോഡിനപ്പുറത്ത് കിള്ളിയാറില്‍ പതിച്ചു. വീടുകള്‍ക്ക് ഉള്ളിലൂടെയും ടെറസുകളിലൂടെയും കുതിച്ചെത്തിയ ജലപ്രവാഹത്തിനിടെ പുറത്തേക്കു പാഞ്ഞവര്‍ രക്ഷപ്പെട്ടത് ഭാഗ്യം കൊണ്ടുമാത്രം. ആശാരിവിളാകത്ത് വീട്ടില്‍ മോഹനന്‍ , പാറയില്‍ വീട്ടില്‍ മുരുകന്‍ , പാറയില്‍ വീട്ടില്‍ ഗോപാലകൃഷ്ണന്‍ എന്നിവരുടെ വീടുകളാണ് തകര്‍ന്നടിഞ്ഞത്. സമീപത്തെ രാജേന്ദ്രന്‍ എന്ന ആളുടെ കടയ്ക്കും മുരളി എന്ന ആളുടെ വര്‍ക്ഷോപ്പിനും കേടുപറ്റി. ഇരുകാലും മുറിച്ച് കിടപ്പിലായിരുന്ന ഗോപാലകൃഷ്ണന്റെ ഭാര്യാപിതാവ് വിശ്വനാഥനെ നാട്ടുകാരും ബന്ധുക്കളും ചേര്‍ന്ന് ജലപ്രവാഹത്തിനുള്ളിലൂടെ പുറത്തെത്തിച്ച് രക്ഷപ്പെടുത്തുകയായിരുന്നു. മണിക്കൂറുകള്‍ കഴിഞ്ഞാണ് അധികൃതര്‍ പമ്പിങ് നിര്‍ത്തിവച്ചത്. ഈ ഭാഗത്തെ ചോര്‍ച്ച സംബന്ധിച്ച് മാസങ്ങള്‍ക്കു മുമ്പ് നാട്ടുകാര്‍ ജല അതോറിറ്റി അധികൃതര്‍ക്ക് പരാതി നല്‍കിയിട്ടും നടപടി സ്വീകരിക്കുന്നതില്‍ കാട്ടിയ കുറ്റകരമായ അനാസ്ഥയാണ് ഇത്രയും വലിയ നഷ്ടത്തിലേക്ക് വഴിവച്ചത്.
Monday, 5 December 2011
ഇന്ത്യയിലെ ആദ്യ ഗഗാറിന്‍ സ്മാരകം തിരുവനന്തപുരത്ത്
തിരു: ആദ്യ ബഹിരാകാശസഞ്ചാരി യൂറി ഗഗാറിന്റെ അര്‍ധകായപ്രതിമ തിരുവനന്തപുരത്ത് വാന്‍റോസ് ജങ്ഷനിലെ റഷ്യന്‍ സാംസ്കാരികകേന്ദ്രത്തില്‍ പൂര്‍ത്തിയായി. ഏഴിന് വൈകിട്ട് നാലരയ്ക്ക് പ്രതിമ അനാച്ഛാദനംചെയ്യും. മന്ത്രിമാരായ എ പി അനില്‍കുമാറും വി എസ് ശിവകുമാറും പങ്കെടുക്കും. യൂറി ഗഗാറിന്റെ ബഹിരാകാശയാത്രയുടെ അമ്പതാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായാണ് മോസ്കോയിലെ എത്നോമിര്‍ , റൂസ്കിമിര്‍ ഫൗണ്ടേഷന്‍ എന്നിവയുമായി സഹകരിച്ച് ബ്രാസിലുള്ള ഗഗാറിന്റെ പ്രതിമ സ്ഥാപിക്കുന്നത്. ഗഗാറിന്റെ ബഹിരാകാശയാത്രയുടെ ആഘോഷങ്ങളുടെ ഭാഗമായി ഒരുവര്‍ഷത്തെ പരിപാടികള്‍ റഷ്യന്‍ സാംസ്കാരികകേന്ദ്രം സംഘടിപ്പിച്ചിരുന്നു. ഇതിന്റെ സമാപനം മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എട്ടിന് ഉദ്ഘാടനംചെയ്യും.



