നിറമുള്ള മുത്തശ്ശിക്കഥയുടെ പരിവേഷമാണ് അമ്മച്ചിപ്ലാവിനുള്ളത്. എട്ടുവീട്ടില്‍ പിള്ളമാരുടെ ശത്രുവൃന്ദത്തില്‍ നിന്ന് രക്ഷതേടാന്‍ മാര്‍ത്താണ്ഡവര്‍മ പ്ലാവിന്റെ പോട്ടില്‍ കയറി ഒളിച്ചുവെന്നാണ് ചരിത്രം. മഹാരാജാവിന് മരപ്പൊത്തിലേക്കുള്ള വഴികാട്ടാന്‍ ഭ്രാന്തന്‍ ചാന്നാന്‍ എന്ന വഴിപോക്കന്‍ അപ്പോള്‍ അവിടെ ഉണ്ടായിരുന്നുവത്രെ. രാജാവിനെക്കാണാതെ ശത്രുസേന മറുവഴിക്ക് പോയി. പ്രാണരക്ഷയ്ക്കുള്ള ഉപകാരാര്‍ഥം മഹാരാജാവ് പിന്നീട് നെയ്യാറ്റിന്‍കരയില്‍ ഇന്നുകാണുന്നിടത്ത് ക്ഷേത്രം നിര്‍മിച്ചുവെന്നാണ് ഐതിഹ്യം. തൃപ്പടിദാനത്തിന് പിന്നാലെ 1757ല്‍ നെയ്യാറ്റിന്‍കര ശ്രീകൃഷ്ണസ്വാമി ക്ഷേത്രം നിര്‍മിച്ച് പ്രതിഷ്ഠ നടത്തിയതായി ചരിത്രരേഖയുണ്ട്. സി.വിയുടെ 'മാര്‍ത്താണ്ഡവര്‍മ'യിലൂടെയാണ് അമ്മച്ചിപ്ലാവ് പില്‍ക്കാലത്ത് പ്രചാരം നേടിയത്. പ്ലാവിന്റെ വയസ്സും ചരിത്രപ്പഴമയും അമ്മച്ചിപ്ലാവെന്ന പേര് ചേര്‍ത്തു. പ്ലാവിന്റെ പഴക്കം കാണാന്‍ മറുനാട്ടില്‍ നിന്നും സന്ദര്‍ശകര്‍ എത്തുന്നുണ്ട്.
ക്ഷേത്രത്തിനു മുന്നില്‍ പ്രദക്ഷിണവഴിയോടു ചേര്‍ന്നാണ് പ്ലാവിന്റെ അവശിഷ്ടം നില്‍ക്കുന്നത്. പത്ത് അടിയോളം ഉയരത്തില്‍ പ്ലാവിന്റെ ചുവടും പൊള്ളയായ ഉള്‍ഭാഗവും കാണാം. ചുവട്ടില്‍ തറകെട്ടിയുയര്‍ത്തിയും മുകളില്‍ ഓടുമേഞ്ഞും പ്ലാവിനെ നിലനിര്‍ത്തിയിട്ടുണ്ട്. വ്യക്തമായ ചരിത്രരേഖയൊന്നുമില്ലാത്ത നിലയില്‍ പുരാവസ്തുവകുപ്പിന്റെ സംരക്ഷിത സ്മാരകപ്പട്ടികയില്‍ അമ്മച്ചിപ്ലാവിനെ ഉള്‍പ്പെടുത്തിയിട്ടില്ല. 1965 ല്‍ വകുപ്പ് ഇടപെട്ട് പ്ലാവിനെ സംരക്ഷിച്ചിരുന്നു. പിന്നീട് ഇതിന് മാറ്റം വന്നു. ഇപ്പോള്‍ പ്ലാവിന്റെ ജൈവാവശിഷ്ടത്തില്‍ രാസവസ്തുക്കള്‍ ഉപയോഗിച്ചുള്ള സംരക്ഷണം നടത്തുന്നതായി പുരാവസ്തുവകുപ്പ് അധികൃതര്‍ അറിയിച്ചു. രണ്ടുമാസം മുന്‍പ് പ്ലാവില്‍ രാസപ്രക്രിയ നടത്തിയിരുന്നു. എന്നാല്‍ അന്തരീക്ഷഈര്‍പ്പവും പൊടിയും പ്ലാവിന്റെ ജൈവാവശിഷ്ടത്തിന് ദോഷമാകുന്നുണ്ട്. ഇതിനെ പ്രതിരോധിക്കാന്‍ മറ്റുമാര്‍ഗങ്ങളില്ല. ചരിത്രത്തിനപ്പുറം വിശ്വാസത്തിന്റെയും മുത്തശ്ശിക്കഥയുടെയും ഭാഗമായ അമ്മച്ചിപ്ലാവിന്റെ അവശിഷ്ടം ചരിത്രസ്മാരകമായി അറിയിക്കണമെന്നും മറ്റ് സംരക്ഷണമാര്‍ഗങ്ങള്‍ അവലംബിക്കണമെന്നും ഭക്തരും നാട്ടുകാരും ആവശ്യപ്പെടുന്നു.
0 comments:
Post a Comment