മണ്ണെണ്ണ വിളക്കുകളും ഗ്യാസ് ലൈറ്റുകളും നഗരത്തില്‍ നിന്നും വിട പറഞ്ഞു. വൈദ്യുതിയോ അതില്‍ പ്രവര്‍ത്തിക്കുന്ന വിളക്കുകളോ ഉപകരണങ്ങളോ ഇല്ലാത്ത ഒരു നിമിഷത്തെപ്പറ്റി ഇന്ന് ചിന്തിക്കാന്‍ കഴിയില്ല. എന്നാല്‍ ഈ മഹാനഗരത്തില്‍ ആദ്യമായി വൈദ്യുതീകരിച്ച മന്ദിരം ഏതാണെന്ന് അറിയാമോ? അത് സ്റ്റേറ്റ് ഗസ്റ്റ്ഹൗസ് ആണ്.ഇന്ന് ഗസ്റ്റ്ഹൗസ് എന്നു പറയുമ്പോള്‍ നഗരവാസികളുടെ മനസ്സിലെത്തുന്നത് തൈയ്ക്കാട്ടുള്ള പഴയ റസിഡന്‍സി മന്ദിരമാണ്. സ്വാതന്ത്ര്യലബ്ധിക്കുശേഷമാണ് റസിഡന്‍സി മന്ദിരം ഗസ്റ്റ്ഹൗസ് ആയത്. അതിനുമുമ്പുണ്ടായിരുന്ന സ്റ്റേറ്റ് ഗസ്റ്റ്ഹൗസ് ആണ് ഇപ്പോഴത്തെ രാജ്ഭവന്‍.
അനന്തപുരിയില്‍ വിശിഷ്ടാതിഥികള്‍ വന്നാല്‍ താമസിപ്പിക്കാന്‍ പല മന്ദിരങ്ങളും മുമ്പ് ഉണ്ടായിരുന്നു. എന്നാല്‍ ഗവര്‍ണര്‍ ജനറല്‍, ഗവര്‍ണര്‍ തുടങ്ങിയവര്‍ വന്നാല്‍ താമസിക്കാന്‍ ആധുനിക രീതിയിലുള്ള ഒരു മന്ദിരം വേണമെന്ന് ശ്രീമൂലം തിരുനാള്‍ മഹാരാജാവിന് തോന്നി. അദ്ദേഹത്തിന്റെ കാലത്താണ് ഇന്ന് ചില മന്ത്രിമാര്‍ താമസിക്കുന്ന കെട്ടിടങ്ങള്‍ ഉള്‍പ്പെടെയുള്ള പലതും നിര്‍മിച്ചത്. അതില്‍ പ്രധാനമായിരുന്നു സ്റ്റേറ്റ് ഗസ്റ്റ് ഹൗസ്. കവടിയാറിനും വെള്ളയമ്പലത്തിനും ഇടയ്ക്കുള്ള ഒരു ചെറിയ കുന്നിന്‍മുകളില്‍ വിശാലമായ സ്ഥലമായിരുന്നു ഗസ്റ്റ്ഹൗസ് നിര്‍മാണത്തിന് തിരഞ്ഞെടുത്തത്. ഇതിന്റെ ആദ്യഘട്ടത്തിനുതന്നെ രണ്ടുലക്ഷം രൂപ ചെലവഴിച്ചു. ഇതോടൊപ്പം പണി തുടങ്ങിയ പാങ്ങോട്ടുള്ള പട്ടാള ക്യാമ്പ് കെട്ടിടങ്ങള്‍ക്ക് മൂന്നുലക്ഷവും തിരുവനന്തപുരം ലോകോളേജ് മന്ദിരം (ഇന്ന് ഏജീസ് ഓഫീസ് മന്ദിരത്തിലെ ഓടിട്ട കെട്ടിടം) വഞ്ചിയൂരിലെ എസ്.എം.വി. (ഇന്നത്തെ ജില്ലാ കോടതി) സ്‌കൂള്‍ മന്ദിരത്തിന് മൂന്നുലക്ഷവും വി.ജെ.ടി. ഹാളിന് നാല്പതിനായിരം രൂപയും ചെലവാക്കിയതായി അന്നത്തെ രേഖകളില്‍ കാണുന്നു. ഈ കെട്ടിടങ്ങളില്‍ നിന്നും ഗസ്റ്റ്ഹൗസിനെ വ്യത്യസ്തമാക്കുന്നത് അതിലെ ആധുനിക സംവിധാനങ്ങളും വൈദ്യുതീകരണവുമാണ്. ഈ കെട്ടിടത്തില്‍ ആദ്യമായി അതിഥിയായി എത്തിയത് ബോബിലിയിലെ മഹാരാജാവായിരുന്നു. കൊച്ചിയിലേയും തിരുവിതാംകൂറിലേയും ക്ഷണം അനുസരിച്ച് 1913-ല്‍ ആണ് അദ്ദേഹം തിരുവനന്തപുരത്ത് എത്തിയത്. കുന്നിന്‍ മുകളിലുള്ള ആധുനിക രീതിയിലുള്ള ഈ മന്ദിരം കണ്ട് മഹാരാജാവ് അത്ഭുതപ്പെട്ടു. നഗരത്തില്‍ ആദ്യമായി വൈദ്യുതീകരിച്ച കെട്ടിടം ഇതാണെന്നും ഇവിടെ ആദ്യത്തെ അതിഥി താനാണെന്നും മഹാരാജാവ് ഓര്‍മക്കുറിപ്പില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.ഈ മന്ദിരത്തോടനുബന്ധിച്ച് നാലുകെട്ട് രൂപത്തില്‍ പുതിയ കെട്ടിടവും ഉടന്‍ വരുമെന്നും അദ്ദേഹം പുസ്തകത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ബോബിലി മഹാരാജാവിന് ശേഷം എത്രയോ ഗവര്‍ണര്‍മാരും ഗവര്‍ണര്‍ ജനറല്‍മാരും മഹാരാജാക്കന്മാരും സൈന്യാധിപന്മാരുമെല്ലാം ഈ മന്ദിരത്തില്‍ അതിഥിയായി എത്തി. ഐക്യകേരള രൂപവത്കരണത്തിനുശേഷം ആദ്യത്തെ ഗവര്‍ണര്‍ ബി. രാമകൃഷ്ണറാവു മുതല്‍ ഈ മന്ദിരം രാജ്ഭവനായി.
വൈദ്യുതി വിളക്കുകള്‍ ഒരുകാലത്ത് ജനങ്ങള്‍ക്ക് അത്ഭുതമായിരുന്നു. നഗരത്തിന്റെ പല ഭാഗത്തും മണ്ണെണ്ണയിലും ഗ്യാസിലും കത്തുന്ന വിളക്കുകള്‍ പഴമക്കാര്‍ മറന്നിട്ടില്ല. നഗരത്തില്‍ ചില സ്ഥലത്തെങ്കിലും ഇത്തരം വിളക്കുകാലുകള്‍ ഇന്നും കാണാന്‍ കഴിയും. 1900-ല്‍ മൂന്നാറില്‍ കണ്ണന്‍ദേവന്‍ കമ്പനി ചെറിയ തോതില്‍ അവരുടെ ആവശ്യത്തിന് ജലവൈദ്യുത പദ്ധതി ആരംഭിച്ചതാണ് കേരളത്തിലെ വൈദ്യുതോല്പാദനത്തിന്റെ തുടക്കം. എന്നാല്‍ വര്‍ഷങ്ങള്‍ കഴിഞ്ഞപ്പോള്‍ ചെറിയ തോതിലുള്ള ജനറേറ്റര്‍ ഉപയോഗിച്ചുള്ള വൈദ്യുതി ഉല്പാദനം പ്രചാരത്തില്‍ വരാന്‍ തുടങ്ങി. ഓയില്‍ ഉപയോഗിച്ചാണ് ഇത്തരം ജനറേറ്ററുകള്‍ പ്രവര്‍ത്തിപ്പിച്ചിരുന്നത്. ഇത് ജനങ്ങള്‍ക്ക് വലിയ അത്ഭുതമാണ് ഉണ്ടാക്കിയത്. പരിമിതമായ തോതില്‍ ചില വിളക്കുകള്‍ കത്തിക്കാന്‍ മാത്രമേ ജനറേറ്ററുകള്‍ക്ക് കഴിഞ്ഞിരുന്നുള്ളൂ. പില്‍ക്കാലത്ത് വി.ജെ.ടി. ഹാളില്‍ നടന്നിരുന്ന നാടകങ്ങള്‍ക്ക് ജനറേറ്റര്‍ ഉപയോഗിച്ചുള്ള വിളക്കുകള്‍ ഉപയോഗിച്ചു. കണ്ണന്‍ദേവന്‍ കമ്പനി വൈദ്യുതി ഉല്പാദനം ആരംഭിച്ച് രണ്ടു ദശാബ്ദം കഴിഞ്ഞപ്പോള്‍ തിരുവിതാംകൂര്‍ സര്‍ക്കാരും ഇതുപോലൊരു പദ്ധതിയെപ്പറ്റി ആലോചന തുടങ്ങി. 1920-ല്‍ ഇതേപ്പറ്റിയുണ്ടായ ചര്‍ച്ചയില്‍ രണ്ട് നിര്‍ദേശങ്ങള്‍ ഉണ്ടായി. തിരുവനന്തപുരത്തെ അരുവിക്കരയിലെ വെള്ളച്ചാട്ടത്തില്‍ നിന്നോ അതല്ലെങ്കില്‍ ഓയില്‍ ഉപയോഗിച്ചോ വൈദ്യുതി ഉല്പാദിപ്പിക്കുക എന്നതായിരുന്നു അത്. അരുവിക്കര പദ്ധതി പ്രായോഗികമല്ലെന്ന് കണ്ടതിനെത്തുടര്‍ന്ന് ഓയില്‍ ഉപയോഗിച്ചുള്ള വൈദ്യുത ഉല്പാദനത്തിന് 1927 സപ്തംബറില്‍ സര്‍ക്കാര്‍ തീരുമാനിച്ചു. റീജന്റ് മഹാറാണി സേതുലക്ഷ്മിബായി ആയിരുന്നു അന്നത്തെ ഭരണാധികാരി. തമ്പാനൂരിനും കിഴക്കേക്കോട്ടയ്ക്കും ഇടയ്ക്കുള്ള സ്ഥലമാണ് പവര്‍ഹൗസ് സ്ഥാപിക്കാന്‍ നിശ്ചയിച്ചത്. 1928-ല്‍ പണി ആരംഭിച്ചു. ഇതിനുവേണ്ടിയുള്ള എന്‍ജിനുകള്‍ തൂത്തുക്കുടിയില്‍ നിന്നാണ് കൊണ്ടുവന്നത്. 1929-ല്‍ പവര്‍ഹൗസിന്റെ പണി പൂര്‍ത്തിയായി. ശ്രീമൂലം പ്രജാസഭയുടെ രജതജൂബിലി ആഘോഷത്തോടനുബന്ധിച്ച് 1929 ഫിബ്രവരിയില്‍ പവര്‍ഹൗസ് ദിവാന്‍ എം. ഇ. വാട്ട്‌സ് ഉദ്ഘാടനം ചെയ്തു. ഇവിടത്തെ യന്ത്രത്തിന്റെ ശബ്ദവും വൈദ്യുത വിളക്കുകളുടെ കണ്ണഞ്ചിപ്പിക്കുന്ന പ്രകാശവുമെല്ലാം നഗരവാസികളില്‍ പലരും അയവിറക്കാറുണ്ട്. 541 തെരുവുവിളക്കുകള്‍ക്കും കൊട്ടാരം ഉള്‍പ്പെടെ ചില മന്ദിരങ്ങള്‍ക്കുമാണ് ആദ്യം വൈദ്യുതി നല്‍കിയിരുന്നത്. കോട്ടയ്ക്കകത്തായിരുന്നു ആദ്യത്തെ സബ്‌സ്റ്റേഷന്‍.
ക്രമേണ വൈദ്യുതി ആവശ്യക്കാരുടെ എണ്ണം കൂടി. സര്‍ക്കാര്‍ പ്രസ്, ആസ്പത്രികള്‍ എന്നിവിടങ്ങളിലേക്ക് വൈദ്യുതി കൂടുതല്‍ വേണമെന്നായി. ഇതേ തുടര്‍ന്നാണ് പള്ളിവാസല്‍ ജലവൈദ്യുത പദ്ധതിക്ക് തുടക്കം കുറിച്ചത്. തിരുവിതാംകൂര്‍ ഇന്‍ഡസ്ട്രിയല്‍ എന്‍ജിനീയര്‍ കെ. പി. പി. മേനോന്റെ നേതൃത്വത്തിലുള്ള വിദഗ്ദ്ധ സംഘവും ദിവാന്‍ സര്‍ സി. പി. യുടെ ഇച്ഛാശക്തിയും ശ്രീചിത്തിര തിരുനാള്‍ മഹാരാജാവിന്റെ പിന്തുണയും എല്ലാം ഒത്തുകൂടിയപ്പോള്‍ അസാധ്യമെന്ന് പലരും കരുതിയിരുന്ന പള്ളിവാസല്‍ പദ്ധതി യാഥാര്‍ത്ഥ്യമായി. 1940 മാര്‍ച്ച് 19ന് രാവിലെ 7.30 മുതല്‍ പള്ളിവാസല്‍ പദ്ധതിയില്‍ നിന്നുള്ള വൈദ്യുതി തിരുവിതാംകൂറിന്റെ വിവിധ ഭാഗങ്ങള്‍ക്ക് ഒപ്പം അനന്തപുരിയിലുമെത്തി. അന്ന് ജനങ്ങള്‍ക്ക് അത് അത്ഭുതം നിറഞ്ഞ ഉത്സവമായിരുന്നു.
0 comments:
Post a Comment