ജില്ലയില്‍ കഴിഞ്ഞ സപ്തംബര്‍ വരെയുള്ള കണക്കില്‍ 136 ബലാത്സംഗക്കേസുകളാണ് വിവിധ സ്റ്റേഷനുകളിലായി രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. നഗരത്തിനുള്ളില്‍ മാത്രം 30 കേസുകളും റൂറല്‍ പരിധിയിലെ സ്റ്റേഷനുകളില്‍ 106 കേസുകളുമാണുള്ളത്. നഗരത്തിലെ വിവിധ സ്റ്റേഷനുകളില്‍ സ്ത്രീ പീഡനക്കേസുകളുടെ എണ്ണം പെരുകുന്നുവെന്നാണ് കണക്ക്. കുറ്റകൃത്യങ്ങളുടെ നിരക്കില്‍ ദേശീയ റെക്കോര്‍ഡ് തന്നെ നേടിയിട്ടുള്ള കൊച്ചി പോലും 'മാന്യത' പുലര്‍ത്തിയിട്ടുണ്ടെന്നാണ് കണക്കുകള്‍ പറയുന്നത്. കൊച്ചിയില്‍ നഗരത്തിലും റൂറലിലുമായി ആകെ 64 ബലാത്സംഗക്കേസുകളാണ് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. പോലീസ് ഹെഡ്ക്വാര്‍ട്ടേഴ്‌സില്‍ ലഭിച്ച ഈ കണക്കുകള്‍ തലസ്ഥാനനഗരത്തിലെ സമൂഹത്തിന്റെ നേര്‍ചിത്രം നല്‍കുന്നു.
സ്ത്രീകളുടെ നേര്‍ക്കുള്ള അതിക്രമങ്ങളുടെ കാര്യത്തിലും തലസ്ഥാനനഗരം തന്നെയാണ് മുന്നില്‍. ജില്ലയിലാകെ 850 ലേറെ കേസുകളാണ് അതിക്രമങ്ങളുടെ പേരില്‍ മാത്രം റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ഇതില്‍ 275 കേസുകള്‍ നഗരത്തിലെ വിവിധ സ്റ്റേഷനുകളിലായി രജിസ്റ്റര്‍ ചെയ്യപ്പെട്ടിട്ടുള്ളതാണ്. റൂറലില്‍ 575 ലേറെ കേസുകളും. ഇതില്‍ ദേഹോപദ്രവം, ഭര്‍തൃപീഡനം, തട്ടിക്കൊണ്ട് പോകല്‍ എന്നിവയും ഉള്‍പ്പെട്ടിട്ടുണ്ട്. കുട്ടികളുടെ നേര്‍ക്കുള്ള ആക്രമണങ്ങളും കൊലപാതകങ്ങളും അപകടകരമാംവണ്ണം തലസ്ഥാനനഗരത്തിലേറുന്നുണ്ടെന്നാണ് പോലീസ് ഉന്നതോദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടുന്നത്.
അതേസമയം മറ്റ് ജില്ലകളില്‍ ബലാത്സംഗക്കേസുകളുടെ എണ്ണം കുറയുന്നുണ്ടെന്നാണ് പോലീസിന്റെ കണ്ടെത്തല്‍. തലസ്ഥാന നഗരത്തില്‍ അപകടകരമാംവണ്ണം സ്ത്രീകളുടെ നേര്‍ക്കുള്ള അതിക്രമങ്ങള്‍ പെരുകുകയും ചെയ്യുന്നുണ്ട്. കുറ്റവാളികളുടെയെണ്ണം പെരുകുന്നുണ്ടെങ്കിലും ഇവര്‍ക്ക് മതിയായ ശിക്ഷ ലഭിക്കുന്നില്ലെന്നത് ഗുരുതരമായ സ്ഥിതിവിശേഷത്തിലേയ്ക്കാണ് നയിക്കുന്നതെന്നാണ് ആശങ്ക. കുറ്റവാളികളുടെ എണ്ണം അപകടകരമായ തോതിലുയരുകയാണെന്നാണ് പോലീസിന്റെയും പക്ഷം.
ബലാത്സംഗക്കേസുകളേറുന്നുണ്ടെങ്കിലും പരാതിക്കാര്‍ പിന്‍വാങ്ങുന്നതും ശ്രദ്ധേയമാണ്. വനിതാ കമ്മീഷന്‍ അദാലത്തുകളിലെത്തുന്ന പല കേസുകളിലും പരാതിക്കാര്‍ തന്നെ പിന്‍വാങ്ങുന്നുണ്ടെന്നാണ് പറയുന്നത്. പീഡനത്തിനിരയായ സ്ത്രീകള്‍ക്ക് നിയമനടപടിക്രമങ്ങളില്‍ സുരക്ഷ ലഭിക്കാത്തതുകാരണമാണ് ഇവര്‍ പരാതിയില്‍ നിന്ന് പിന്‍വാങ്ങുന്നതെന്നാണ് വനിതാകമ്മീഷന്‍ അധ്യക്ഷ ജസ്റ്റിസ് ഡി. ശ്രീദേവി ഉള്‍പ്പെടെയുള്ളവര്‍ ചൂണ്ടിക്കാട്ടുന്നത്. തെളിവെടുപ്പ്, വിചാരണ തുടങ്ങിയ നിയമ നടപടിക്രമങ്ങളില്‍ ഗോപ്യത ഇല്ലാത്തതു കാരണം സമൂഹത്തില്‍ ഇരകള്‍ അവഹേളിക്കപ്പെടുന്ന സ്ഥിതിവിശേഷമാണുള്ളത്. അതിനാല്‍ പലരും കേസുകളില്‍ നിന്ന് പിന്‍വാങ്ങുകയാണെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.
പല്ലും നഖവുമില്ലാതെ വനിതാകമ്മീഷന്‍
സ്ത്രീകളുടെ പ്രശ്‌നങ്ങള്‍ അവതരിപ്പിക്കപ്പെടാനുള്ള മുഖ്യ പ്ലാറ്റ്‌ഫോം ആയ വനിതാ കമ്മീഷന് പരിമിതികളേറെയാണ്. പരാതികളില്‍ സത്വരമായി ഇടപെടുന്നതിനും അന്വേഷണത്തിനും പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനും എസ്.പി. റാങ്കിലുള്ള പോലീസുദ്യോഗസ്ഥന്റെ സേവനം വിട്ടുനല്‍കിയിട്ടുണ്ട്. പക്ഷേ നാളിതുവരെ ഊര്‍ജസ്വലരായ ഉദ്യോഗസ്ഥരെയാരെയും വനിതാകമ്മീഷനിലേയ്ക്ക് വിട്ടുനല്‍കിയിട്ടില്ലെന്നുള്ളത് പരമാര്‍ഥം. മുമ്പ് ഐ.ജി റാങ്കിലുള്ള ഉദ്യോഗസ്ഥനെയാണ് വിട്ടുനല്‍കുമെന്ന് പറഞ്ഞിരുന്നതെങ്കില്‍ ഇപ്പോള്‍ എസ്.പി റാങ്ക് വരെയായി താഴ്ന്നു. ഐ.എ.എസ്. ഉദ്യോഗസ്ഥനെ വിട്ടുനല്‍കുമെന്നായിരുന്നു മറ്റൊരു വാഗ്ദാനമെങ്കില്‍ വിട്ടുനല്‍കുന്നതാകട്ടെ സെക്രട്ടേറിയറ്റിലെ ഏറ്റവും 'കുപ്രസിദ്ധ'നായ മെല്ലെപ്പോക്കുകാരെയാണ്. ഈ പരിമിതികള്‍ക്കിടയിലാണ് തങ്ങള്‍ പ്രവര്‍ത്തിക്കുന്നതെന്ന് വനിതാകമ്മീഷന്‍ അധ്യക്ഷ ജസ്റ്റിസ് ശ്രീദേവിയും ചൂണ്ടിക്കാട്ടുന്നു. പീഡനത്തിനിരയായ സ്ത്രീക്ക് സര്‍ക്കാരുകള്‍ നല്‍കുന്ന പരിഗണന ഇതാണ്. പല്ലും നഖവുമില്ലാത്ത വനിതാകമ്മീഷനും സമൂഹമധ്യത്തില്‍ അവഹേളനവും. തലസ്ഥാനം ബലാത്സംഗക്കേസുകളുടെ എണ്ണത്തില്‍ അതിവേഗം മുന്നേറുകയും ചെയ്യുന്നു.
0 comments:
Post a Comment