« NEWS UPDATES: »

Xpress Publishing via blog@xpresstvm.tk





Tuesday, 13 December 2011

ജലനിരപ്പ് 136 അടിയില്‍ നിലനിര്‍ത്തണം: സുപ്രീം കോടതി


ന്യൂഡല്‍ഹി: മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 136 അടിയില്‍ നിലനിര്‍ത്തണമെന്ന് സുപ്രീം കോടതി. ജലനിരപ്പ് 120 അടിയാക്കണമെന്ന കേരളത്തിന്റെ ആവശ്യം കോടതി അംഗീകരിച്ചില്ല.

കേരളത്തിന്റെ ആവശ്യങ്ങള്‍ മുല്ലപ്പെരിയാര്‍ ഉന്നതാധികാര സമിതിയുടെ ശ്രദ്ധയില്‍പ്പെടുത്താമെന്ന് കോടതി പറഞ്ഞു. ഉന്നതാധികാര സമിതി ഈ വിഷയത്തില്‍ റിപ്പോര്‍ട്ട് നല്‍കാനിരിക്കെ ഇടക്കാല ഉത്തരവിന്റെ ആവശ്യമില്ലെന്ന് കോടതി നിരീക്ഷിച്ചു. കോടതി പരാമര്‍ശത്തെത്തുടര്‍ന്ന് ജലനിരപ്പ് 120 അടിയാക്കണമെന്ന് ആവശ്യപ്പെട്ട് നല്‍കിയിരുന്ന ഹര്‍ജി കേരളം പിന്‍വലിച്ചു.

അതേസമയം തമിഴ്‌നാടിന്റെ നിലപാടിനെ സുപ്രീം കോടതി നിശിതമായി വിമര്‍ശിച്ചു. മുല്ലപ്പെരിയാറുമായി ബന്ധപ്പെട്ട് തമിഴ്‌നാട് സര്‍ക്കാര്‍ പത്രങ്ങളില്‍ നല്‍കിയ പരസ്യത്തില്‍ കോടതി പരാമര്‍ശങ്ങള്‍ അനാവശ്യമായി ഉപയോഗിച്ചതിനെയാണ് സുപ്രീം കോടതി വിമര്‍ശിച്ചത്. ാഷ്ട്രീയ ലാഭത്തിനുവേണ്ടി സുപ്രീംകോടതിയെ ഉപയോഗിക്കരുതെന്നും കോടതി പറഞ്ഞു. കേരള മുഖ്യമന്ത്രി പരസ്യപ്രസ്താവന നടത്തുന്നത് വിലക്കണമെന്ന ഹര്‍ജി തമിഴ്‌നാട് പിന്‍വലിച്ചു. ജനങ്ങളുടെ സുരക്ഷയാണ് പ്രധാനമെന്നും ഒരോ ജീവനും വിലപ്പെട്ടതാണെന്നും കോടതി അഭിപ്രായപ്പെട്ടു.

ജലനിരപ്പ് 136 അടിയില്‍ കൂടരുതെന്ന് തമിഴ്‌നാടിന് കോടതി കര്‍ശന നിര്‍ദേശം നല്‍കി. അണക്കെട്ടിലെ ജലനിരപ്പ് 136 അടി കവിഞ്ഞിട്ടും തമിഴ്‌നാട് എന്തുകൊണ്ട് നടപടിയെടുത്തില്ലെന്നും സുപ്രീം കോടതി ചോദിച്ചു. കേരളത്തിന്റെ ആശങ്കയ്ക്ക് അടിസ്ഥാനമുണ്ട്. ഉന്നതാധികാര സമിതി റിപ്പോര്‍ട്ട് ലഭിച്ചതിനു ശേഷം കേസില്‍ തുടര്‍ നടപടിയെടുക്കുമെന്നും സുപ്രീം കോടതി വ്യക്തമാക്കി.

കേന്ദ്രസേനയെ വിന്യസിക്കുന്ന കാര്യത്തില്‍ കേന്ദ്രസര്‍ക്കാരിന്റെ അഭിപ്രായം കോടതി ആരാഞ്ഞു.

0 comments:

Post a Comment