« NEWS UPDATES: »

Xpress Publishing via blog@xpresstvm.tk





Tuesday 13 December 2011

ലോകത്തെ അറിയുക; ജനിമൃതികളെ അനുഭവിക്കുക..


കൊല്ലാന്‍ വന്നയാളെ പറ്റിച്ചു രക്ഷപ്പെട്ട് മരത്തിനു മുകളില്‍ കയറിക്കൂടിയ കഥാപാത്രത്തെ മരണം മരം വെട്ടി വീഴ്ത്തി കീഴ്പ്പെടുത്തുന്ന രംഗമുണ്ട് ബെര്‍ഗ്‌മാന്റെ സെവെന്‍‌ത് സീലില്‍. എന്നാല്‍ അയാളുടെ മരണം കാണുന്നതോടൊപ്പം തന്നെ മുറിഞ്ഞ മരത്തിന്റെ കുറ്റിയില്‍ പ്രത്യക്ഷപ്പെടുന്ന ഒരു അണ്ണാന്‍ ചിലച്ചു കൊണ്ട് അതിശീഘ്രം ഓടുന്നു. മരണം എന്ന അനിവാര്യത ജീവിതത്തെ കീഴടക്കുമ്പോഴും ജീവന്‍ തുടര്‍ന്നും നിലനില്‍ക്കുന്നു.

ഷെറിയുടെ “ആദിമധ്യാന്ത”ത്തിലെ അവസാന രംഗം ഓര്‍മ്മയില്‍ കൊണ്ടുവന്ന ചില ചിന്തകളാണിവ. ജീവിതത്തിനും മരണത്തിനുമിടയിലുള്ള നൂല്‍പ്പാലത്തെയാണ് ചിത്രം അടയാളപ്പെടുത്തുന്നത്. ചിത്രാന്ത്യത്തില്‍ പ്രസവത്തില്‍ മരിച്ചു പോയ വാവയുടെ കുഴിമാടത്തില്‍ മാന്തിയ ഏകന് ജീവനുള്ള ഒരു പൂമ്പാറ്റയെ കിട്ടുന്നു. അത് ഉയരങ്ങളിലേക്കു പറന്നു പറന്ന് ...

തെയ്യം കെട്ടിയാടുന്ന ദാസന്റെ മകനായ ഏകലവ്യന് (പ്രജിത്ത്) ചെവി കേള്‍ക്കില്ല. ഉപകരണത്തിന്റെ സഹായത്തോടെ അവന്‍ കേള്‍ക്കുന്ന സമയത്തു മാത്രമേ സ്വാഭാവികശബ്ദങ്ങള്‍ നമ്മളും കേള്‍ക്കുന്നുള്ളൂ. ഏറ്റവുമവസാനം നാടിനെ രക്ഷിക്കാന്‍ തെയ്യം കെട്ടിയാടി, പെറ്റു കിടക്കുന്ന അമ്മയേയും (സജിത മഠത്തില്‍) വാവയേയും കണാനുള്ള ആഗ്രഹത്തോടെ തിരിച്ചു വരുന്ന അവന്റെ ഉപകരണം പുഴയില്‍ നഷ്ടപ്പെടുന്നു. അതോടെ ശബ്ദത്തിന്റെ ലോകത്തേക്ക് പ്രവേശനം നഷ്ടപ്പെട്ട അവന്‍ വീട്ടില്‍ വന്നപ്പോള്‍ കാണുന്നത് വാവയുടെ ചലനമറ്റ ശരീരം.

സൂഫിയായ ഉപ്പാപ്പയുടെ (മാമുക്കോയ) തത്വശാസ്ത്രങ്ങള്‍ ചിത്രത്തില്‍ പ്രധാനമാണ്. “ലോകത്തില്‍ ഇന്നു വരെ ഒരൊറ്റ കുഞ്ഞു മാത്രമേ ജനിച്ചിട്ടുള്ളൂ. നമ്മള്‍ കാണുന്ന കുട്ടികളെല്ലാം സത്യത്തില്‍ ഒന്നു തന്നെ. ചില കാര്യങ്ങള്‍ അവരെ സന്തോഷിപ്പിക്കുന്നു, ചിലത് ദു:ഖിപ്പിക്കുന്നു.” “ജനനവും മരണവും, രാത്രിയും പകലും, സന്തോഷവും സങ്കടവും അനിവാര്യമായ തുടര്‍ച്ചകള്‍ തന്നെ.” “ഇത്രേം ചെറിയ മനുഷ്യന്റെയും ഒത്തിരി വലിയ ആനയുടെയും ഇത്തിരിപ്പോന്ന ഉറുമ്പിന്റെയും ഈച്ചയുടെയും ഒക്കെ ആത്മാവിന് ഒരേ വലിപ്പം.” ചെറുജീവികളുടെ മഖ്‌ബറകള്‍ക്കരികിലാണ് ഉപ്പാപ്പയുടെ വാസം. അവസാനം വാവയുടെ കുഴിമാടത്തില്‍ പൂമ്പാറ്റയെ ദര്‍ശിക്കുന്നതിന്റെയും ആധാരം ഇതു തന്നെ. മിക്കവാറും എല്ലാ സാങ്കേതിക പ്രവര്‍ത്തനങ്ങളും പുതിയ ആളുകള്‍ നിര്‍വ്വഹിച്ച ആദിമധ്യാന്തം പുതുമയാര്‍ന്ന ഒരനുഭവമായിത്തീര്‍ന്നു.

ഏകന്‍ എന്ന കുട്ടിയിലൂടെ നാം ലോകത്തെ അറിയുകയാണ്. ജനിമൃതികളെ അനുഭവിക്കുകയാണ്.

0 comments:

Post a Comment