« NEWS UPDATES: »

Xpress Publishing via blog@xpresstvm.tk





Tuesday 6 December 2011

എ.ജിയുടെ നിലപാട് ആവര്‍ത്തിച്ച് വിദഗ്ധ സമിതി


കൊച്ചി: മുല്ലപ്പെരിയാര്‍ വിഷയത്തില്‍ എ.ജിയുടെ നിലപാട് വിദഗ്ധസമിതിയും ഹൈക്കോടതിയില്‍ ആവര്‍ത്തിച്ചു. മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ വെള്ളം താങ്ങാന്‍ ഇടുക്കി അണക്കെട്ടിന് കഴിയുമെന്നാണ് മുല്ലപ്പെരിയാര്‍ സെല്‍ ചെയര്‍മാന്‍ എം.കെ പരമേശ്വരന്‍ നായര്‍ ഇന്ന് ഹൈക്കോടതിയില്‍ അറിയിച്ചത്.മുല്ലപ്പെരിയാര്‍ അണക്കെട്ടിന് എന്തെങ്കിലും പറ്റിയാല്‍ സര്‍ക്കാര്‍ സ്വീകരിക്കുന്ന ബദല്‍ നടപടികളെക്കുറിച്ച് വിശദീകരിക്കവെയാണ് പരമേശ്വരന്‍ നായര്‍ ഇക്കാര്യം അറിയിച്ചത്.

ഇടുക്കി ആര്‍ച്ച് ഡാം വളരെ ശക്തമായ അണക്കെട്ടാണ്. ഇന്ത്യയിലെ ഏറ്റവും കരുത്തുള്ള അണക്കെട്ടാണ് ഇടുക്കിയെന്നും മുല്ലപ്പെരിയാറിലെ വെള്ളമെത്തിയാലും ഇടുക്കിക്ക് അത് ഉള്‍ക്കൊള്ളാനാകുമെന്നും അദ്ദേഹം കോടതിയില്‍ വ്യക്തമാക്കി. എന്നാല്‍ മുല്ലപ്പെരിയാര്‍ പൊട്ടി കല്ലും മണ്ണുമടക്കം വെള്ളമെത്തിയാല്‍ ഇടുക്കി അണക്കെട്ടിന് അത് താങ്ങാനാകുമോ എന്ന് പറയാനാകില്ലെന്ന് കെ.എസ്.ഇ.ബി ചെയര്‍മാന്‍ ടി.എം മനോഹരന്‍ കോടതിയില്‍ അറിയിച്ചു.

ഇപ്പോഴത്തെ സാഹചര്യത്തില്‍ വെള്ളമൊഴുകിയെത്തിയാല്‍ ഇടുക്കിയില്‍ ഉള്‍ക്കൊള്ളാനാകും നിലവില്‍ വൈദ്യുതി ഉത്പാദനം വര്‍ദ്ധിപ്പിച്ച് ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് കുറച്ചു കൊണ്ടിരിക്കുകയാണ്. എന്നാല്‍ മുല്ലപ്പെരിയാര്‍ അണക്കെട്ട് പൊട്ടി വെള്ളം കുത്തിയൊലിച്ചു വന്നാല്‍ എന്തു സംഭവിക്കുമെന്ന് പറയാനാകില്ല. ഇതിന് ഡാം ബ്രേക്ക് അനാലിസിസ് നടത്തേണ്ടി വരും അദ്ദേഹം വ്യക്തമാക്കി. അടിയന്തര സുരക്ഷാ ക്രമീകരണങ്ങളെക്കുറിച്ചുള്ള വിശദാംശങ്ങള്‍ ഈ മാസം 15 നകം അറിയിക്കണമെന്ന് കോടതി സര്‍ക്കാരിനോടാവശ്യപ്പെട്ടു.

മുല്ലപ്പെരിയാര്‍ അണക്കെട്ട് പൊട്ടിയാല്‍ അതിലുള്ള വെള്ളം ഇടുക്കി, ചെറുതോണി, കുളമാവ് തുടങ്ങിയ മൂന്നു ഡാമുകളിലായി ഉള്‍ക്കൊള്ളാമെന്ന് എ.ജി. കഴിഞ്ഞ ദിവസം കോടതിയില്‍ വ്യക്തമാക്കിയിരുന്നു. കോടതിയുടെ പല ചോദ്യങ്ങള്‍ക്കും വ്യക്തമായ മറുപടി പറയാന്‍ എ.ജി.ക്ക് കഴിഞ്ഞ ദിവസം സാധിച്ചിരുന്നില്ല. ഇക്കാര്യത്തില്‍ മറുപടി പറയാന്‍ വിദഗ്ദ്ധരെ കൊണ്ടുവരാമെന്ന് അഡ്വക്കേറ്റ് ജനറല്‍ വ്യക്തമാക്കുകയായിരുന്നു. ഇതേത്തുടര്‍ന്നാണ് ഇന്ന് മുല്ലപ്പെരിയാര്‍ സെല്‍ ചെയര്‍മാനും കെ.എസ്.ഇ.ബി ചെയര്‍മാനും കോടതിയില്‍ ഹാജരായത്. 

0 comments:

Post a Comment