ജിജി ലൂക്കോസ്
ന്യൂഡല്‍ഹി: മുല്ലപ്പെരിയാര്‍ പ്രശ്നത്തില്‍ ചര്‍ച്ചകള്‍ ബഹിഷ്കരിക്കാനുള്ള നിലപാട് മാറ്റിയ തമിഴ്നാട്, ഉദ്യോഗസ്ഥതല ചര്‍ച്ചയ്ക്ക് തയാറാണെന്നു കേന്ദ്രസര്‍ക്കാരിനെ അറിയിച്ചു. ഈ മാസം 15-നോ 16-നോ ചര്‍ച്ചയ്ക്കു തയാറാണെന്നാണു തമിഴ്നാട് അറിയിച്ചിരിക്കുന്നത്. ഡല്‍ഹിയില്‍ അഡീഷണല്‍ ചീഫ് സെക്രട്ടറി കെ. ജയകുമാര്‍ നടത്തിയ ചര്‍ച്ചയില്‍ കേന്ദ്ര ജലവിഭവ സെക്രട്ടറി ധ്രുവ് വിജയാണ് ഇക്കാര്യം അറിയിച്ചത്.
അനൌപചാരിക ചര്‍ച്ചയാണെന്ന കാരണം പറഞ്ഞാണു മുല്ലപ്പെരിയാര്‍ പ്രശ്ന പരിഹാരത്തിനായി കേന്ദ്രം മുന്‍കൈയെടുത്ത് ഇന്നലെ ഡല്‍ഹിയില്‍ നടത്താനിരുന്ന ചര്‍ച്ച തമിഴ്നാട് ബഹിഷ്കരിച്ചത്. എന്നാല്‍, ചര്‍ച്ച ബഹിഷ്കരിച്ചതല്ലെന്നും മറ്റ് അസൌകര്യങ്ങള്‍ ഉള്ളതിനാല്‍ പങ്കെടുക്കാനാവില്ലെന്നുമാണു തമിഴ്നാട് കേന്ദ്ര ജലവിഭവ സെക്രട്ടറിയെ അറിയിച്ചതെന്നു ജയകുമാര്‍ പറഞ്ഞു. ഇനിയും ചര്‍ച്ചയ്ക്കു വഴങ്ങാതിരുന്നാല്‍ മുല്ലപ്പെരിയാറുമായി ബന്ധപ്പെട്ട കേസുകളില്‍ സംസ്ഥാനത്തിനു തിരിച്ചടിയാകുമെന്നും കേരളത്തിന് അത് അനുകൂല ഘടകമാകുമെന്നുമുള്ള വിലയിരുത്തലിലാണു തമിഴ്നാട് നിലപാട് മാറ്റിയതെന്നാണു സൂചന.
കേന്ദ്രസര്‍ക്കാര്‍ ഇടപെട്ട് പ്രശ്നം ചര്‍ച്ചയിലൂടെ പരിഹരിക്കണമെന്ന കേരളത്തിന്റെ ആവശ്യം പരിഗണിച്ചു പ്രധാനമന്ത്രിയുടെ നിര്‍ദേശപ്രകാരം കേന്ദ്ര ജലവിഭവ മന്ത്രാലയമാണ് ഇരുസംസ്ഥാനങ്ങളുടെയും ഉദ്യോഗസ്ഥരെ ചര്‍ച്ചയ്ക്കു വിളിച്ചത്. എന്നാല്‍, ചര്‍ച്ച ബഹിഷ്കരിക്കുകയാണെന്നു തമിഴ്നാട് അറിയിക്കുകയായിരുന്നു. ഇതിനെതിരേ രാഷ്ട്രീയ പാര്‍ട്ടികള്‍ വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു. ചര്‍ച്ചയില്‍ സഹകരിക്കണമെന്ന നിയമോപദേശം അണ്ണാ ഡിഎംകെ സര്‍ക്കാരിനു ലഭിച്ചതായും റിപ്പോര്‍ട്ടുണ്ട്.
കൂടാതെ, പ്രശ്നം ചര്‍ച്ചയിലൂടെ പരിഹരിക്കാന്‍ ശ്രമിക്കരുതോ യെന്നു കേസ് പരിഗണിക്കവേ നേരത്തെ സുപ്രീം കോടതിയും പലപ്രാവശ്യം ആരാഞ്ഞിരുന്നു. ഈ സാഹചര്യത്തിലാണു തമിഴ്നാട് നിലപാട് മാറ്റിയത്. മുല്ലപ്പെരിയാര്‍ പ്രശ്നത്തില്‍ സുപ്രീംകോടതി തീരുമാനമെടുക്കുന്നതിനു മുമ്പായി ഇരുസംസ്ഥാനങ്ങളും നടത്തുന്ന ചര്‍ച്ചയിലൂടെ പരിഹാരമുണ്ടാക്കാനാകുമെന്നാണു കേരളം പ്രതീക്ഷിക്കുന്നത്. ഇതിനായി കേന്ദ്രത്തില്‍ നടത്തുന്ന സമ്മര്‍ദം തുടരാനാണു സര്‍ക്കാര്‍ നീക്കം നടത്തുന്നത്. മുല്ലപ്പെരിയാറിലും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലും ഡല്‍ഹിയിലും നട ക്കുന്ന സമരങ്ങള്‍ ഇതിനു സഹായകമാകുമെന്നും കേരളം കണക്കുകൂട്ടുന്നു. ഇതിനിടെ, ചപ്പാത്തില്‍ തുടരുന്ന സമരത്തിന് അനുഭാവം പ്രകടിപ്പിച്ചു മുല്ലപ്പെരിയാര്‍ സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ ജന്തര്‍ മന്തറില്‍ അനിശ്ചിതകാല നിരാഹാരം ആരംഭിച്ചു.
അതേസമയം, മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ പേരില്‍ കേരളം ഭയാശങ്ക സൃഷ്ടിക്കുകയാണെന്നാരോപിച്ച് തമിഴ്നാടും കേന്ദ്രത്തില്‍ സമ്മര്‍ദം ശക്തമാക്കിയിട്ടുണ്ട്. മുല്ലപ്പെരിയാര്‍ ഡാമിനു കേന്ദ്രസേനയുടെ സുരക്ഷ നല്‍കണമെന്നാവശ്യപ്പെട്ടു തമിഴ്നാട് സുപ്രീംകോടതിയെ സമീപിച്ചു. സുരക്ഷയ്ക്കു സിഐഎസ്എഫിനെ നിയോഗിക്കാന്‍ കേന്ദ്ര സര്‍ക്കാരിനോടു നിര്‍ദേശിക്കണമെന്നാണു ഹര്‍ജിയില്‍ തമിഴ്നാട് ആവശ്യപ്പെടുന്നത്.
അണക്കെട്ടിന്റെ സംരക്ഷണത്തിനുവേണ്ടി കേന്ദ്രസേനയെ നിയോഗിക്കണമെന്നാവശ്യപ്പെട്ട് എംഡിഎംകെ നേതാവ് വൈകോ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗുമായി കൂടിക്കാഴ്ച നടത്തി. ഡാമിന് സുരക്ഷാ ഭീഷണിയുണ്ടാക്കുന്നത് ഭൂചലനമല്ലെന്നും കേരളത്തിലെ ജനങ്ങളാണെന്നും വൈകോ ആരോപിച്ചു. റിക്ടര്‍ സ്കെയിലില്‍ ഏഴുവരെയുളള ഭൂകമ്പങ്ങള്‍ നേരിടാന്‍ മുല്ലപ്പെരിയാറിനുശേഷിയുണ്ട്. ഭൂചലനമാണ് പ്രശ്നമെങ്കില്‍ ഇടുക്കി, ചെറുതോണി ഡാമുകളുടെ സ്ഥിതിയെന്താണെന്നും വൈകോ ചോദിച്ചു. മുല്ലപ്പെരിയാറില്‍ ഭൂചലനങ്ങള്‍ അടിക്കടിയുണ്ടാകുന്ന സാഹചര്യത്തില്‍ ജലനിരപ്പ് 120 അടിയാക്കി താഴ്ത്തണമെന്ന ആവശ്യം ഉന്ന യിച്ചു കേരളം നാളെ സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കും.
0 comments:
Post a Comment