തിരുവനന്തപുരം: സെക്രട്ടേറിയറ്റിനു മുന്നില്‍ വ്യത്യസ്തമായ സമരമുറകളുടെ ഘോഷയാത്ര. ആണിക്കിടക്കയില്‍ കിടന്നും കഞ്ഞിവച്ചും ലൈഫ് ജാക്കറ്റ് ധരിച്ചും സമരം പൊടിപൊടിച്ചപ്പോള്‍ കാഴ്ചക്കാരുടെ എണ്ണവും കൂടി.
ആണിക്കിടക്കയും ലൈഫ് ജാക്കറ്റും മുല്ലപ്പെരിയാറിനു വേണ്ടിയായിരുന്നു. മുല്ലപ്പെരിയാര്‍ സമരത്തിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചു യുവമാന്ത്രികന്‍ ഹാരിസ് താഹയാണ് ആണിക്കിടക്കയില്‍ ശയിച്ചത്. പലകയില്‍ കുത്തനെ അടിച്ചുവച്ച ആണിയില്‍ കുപ്പായമിടാതെയാണു താഹ കിടന്നത്. സുരക്ഷിതമല്ലാത്ത മുല്ലപ്പെരിയാര്‍ ഡാം ലക്ഷക്കണക്കിനു ജനങ്ങളുടെ ജീവിതത്തിനു നേരയുള്ള കൂര്‍ത്ത മുനയാണെന്നു താഹ പറയുന്നു. തലയ്ക്കു താഴെ കുറച്ചു ഭാഗത്തു മാത്രം മരക്കഷണം വച്ചാണു താഹ കിടന്നത്.
യൂത്ത് ഫ്രണ്ട് (എം) പ്രവര്‍ത്തകരാണു ലൈഫ് ജാക്കറ്റ് ധരിച്ച് ഏജീസ് ഒാഫിസിനു മുന്നില്‍ സമരം നടത്തിയത്. തമിഴ് മക്കള്‍ക്കു തണ്ണീര്‍, കേരള മക്കള്‍ക്കു സുരക്ഷ എന്നായിരുന്നു മുദ്രാവാക്യം. ബാനറില്‍ തമിഴ് മുദ്രാവാക്യവും ഉണ്ടായിരുന്നു. ഒരു അപകടമുണ്ടായാല്‍ മുങ്ങിച്ചാകാന്‍ വിധിക്കപ്പെട്ടവരോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചാണു ലൈഫ് ജാക്കറ്റുമായി നേതാക്കള്‍ മാര്‍ച്ച് ചെയ്തത്.
പ്ളാമൂട് ബണ്ട് പുറമ്പോക്കില്‍ സ്ഥലം നഷ്ടപ്പെട്ടവര്‍ക്കു വീട് നല്‍കണമെന്നാവശ്യപ്പെട്ടു സെക്രട്ടേറിയറ്റിനു മുന്നില്‍ അനിശ്ചിതകാല സമരം നടത്തുന്നവരാണു സമരത്തിന്റെ ഒന്നാം വാര്‍ഷികത്തിനു കഞ്ഞി പാകം ചെയ്തു സമരം ചെയ്തത്. സെക്രട്ടേറിയറ്റിനു മുന്നില്‍ ഇഷ്ടിക കൊണ്ട് അടുപ്പുകൂട്ടിയാണു കഞ്ഞിക്കലം വച്ചത്.
0 comments:
Post a Comment