« NEWS UPDATES: »

Xpress Publishing via blog@xpresstvm.tk





Tuesday 6 December 2011

സുരക്ഷ പരമപ്രധാനം


കൊച്ചി: മുല്ലപ്പെരിയാര്‍ പ്രശ്‌നത്തില്‍ ജനങ്ങളുടെ സുരക്ഷയ്ക്കാണ് മുന്‍ഗണന നല്‍കുന്നതെന്ന് ഹൈക്കോടതി. അടിയന്തര സാഹചര്യങ്ങള്‍ ഒറ്റക്കെട്ടായി നേരിടാനുള്ള കൂട്ടായ്മയാണ് ആവശ്യമെന്നും പുതിയ പ്രശ്‌നങ്ങള്‍ സൃഷ്ടിച്ച് വ്യതിചലിക്കരുതെന്നും ഡിവിഷന്‍ ബെഞ്ച് നിര്‍ദേശിച്ചു.

ദുരന്ത നിവാരണത്തിനായി സര്‍ക്കാര്‍ സ്വീകരിച്ചിട്ടുള്ള നടപടികളില്‍ തൃപ്തി രേഖപ്പെടുത്തിയ കോടതി ജനങ്ങളെ ബോധവത്കരിക്കാന്‍ സര്‍ക്കാറിന്റെ ഭാഗത്തുനിന്ന് ഉണ്ടാകേണ്ട നടപടികളും നിര്‍ദേശിച്ചു. സാങ്കേതികകാര്യങ്ങള്‍ വിശദീകരിച്ച വിദഗ്ധരോട് അവ രേഖാമൂലം സമര്‍പ്പിക്കാനും ചീഫ് ജസ്റ്റിസ് മഞ്ജുള ചെല്ലൂരും ജസ്റ്റിസ് പി.ആര്‍. രാമചന്ദ്രമേനോനും ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് നിര്‍ദേശിക്കുകയും ചെയ്തു.

ഉറങ്ങിക്കിടക്കുന്ന ഡാം സേഫ്റ്റി അതോറിറ്റിയെ സജ്ജമാക്കാന്‍ നിര്‍ദേശങ്ങള്‍ വേണമെന്ന് ആവശ്യപ്പെട്ട് മുന്‍ എം.എല്‍.എ. കെ. കൃഷ്ണന്‍കുട്ടി നല്‍കിയ ഹര്‍ജിയില്‍ അദ്ദേഹത്തിനുവേണ്ടി സീനിയര്‍ അഡ്വ. കെ. രാംകുമാര്‍ ഹാജരായി. അണക്കെട്ടുകളുടെ സുരക്ഷ ഉറപ്പാക്കാന്‍ അണക്കെട്ട് സുരക്ഷാ അതോറിറ്റിയില്‍ ഒട്ടേറെ വിദഗ്ധരുണ്ട്. സര്‍ക്കാറിന് ഉപദേശം നല്‍കലാണ് ഈ സമിതിയുടെ ചുമതല.

അണക്കെട്ടിന്റെ പ്രവര്‍ത്തനം നിര്‍ത്തിവെക്കാന്‍ പോലും അധികാരമുള്ള ഈ സമിതി ശമ്പളം , പ്രവര്‍ത്തനം ഇല്ലാത്ത ദയനീയ അവസ്ഥയിലാണെന്നും സ്‌കൂള്‍കുട്ടികള്‍ പോലും ആശങ്ക പ്രകടിപ്പിച്ചിട്ടുള്ള അവസ്ഥയില്‍ ഈ സമിതി നിഷ്‌ക്രിയമായിരിക്കുകയാണെന്നും ചൂണ്ടിക്കാട്ടി. എന്തെങ്കിലും റിപ്പോര്‍ട്ട് സമര്‍പ്പിച്ചാല്‍ അത് നടപ്പാക്കാന്‍ കഴിയാത്ത സ്ഥിതിയാണ്.

സുപ്രീം കോടതിയുടെ ഉത്തരവ് പ്രകാരമാണ് സമിതി ശുപാര്‍ശകള്‍, നടപ്പാക്കാന്‍ കഴിയാത്ത സ്ഥിതിയുള്ളതെന്ന അഡ്വക്കേറ്റ് ജനറലിന്റെ വാദത്തെ അഡ്വ. രാംകുമാര്‍ ശക്തിയായി എതിര്‍ത്തു. മുല്ലപ്പെരിയാറിന്റെ ജലനിരപ്പിന് മാത്രമാണ് പ്രസ്തുത ഉത്തരവ് ബാധകമെന്നും അണക്കെട്ട് സുരക്ഷ, അതോറിറ്റിയുടെ പ്രവര്‍ത്തനത്തെ അത് ബാധിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ഇവിടെ പ്രശ്‌നം ഈ വിദഗ്ധ സമിതി നിഷ്‌ക്രിയമായതാണ്. കോടതി അടിയന്തരമായി ഇടപെടണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ വെള്ളം ഒഴുക്കിവിട്ടാല്‍ അത് ഇടുക്കി അണക്കെട്ടിന് താങ്ങാന്‍ കഴിയുമെന്ന് മുല്ലപ്പെരിയാര്‍ സെല്‍ ചെയര്‍മാനും വിദഗ്ധ എന്‍ജിനീയറുമായ എം.കെ. പരമേശ്വരന്‍ നായര്‍ ഹൈക്കോടതിയെ അറിയിച്ചു.

മുല്ലപ്പെരിയാറിലെ വെള്ളം ഒഴുക്കിവിട്ടാല്‍ സാധാരണഗതിയില്‍ നാലുമണിക്കൂര്‍ കൊണ്ട് അത് ഇടുക്കി അണക്കെട്ടില്‍ എത്തുമെന്ന് വൈദ്യുതി ബോര്‍ഡ് ചെയര്‍മാന്‍ ടി.എം. മനോഹരന്‍ പറഞ്ഞു. എന്നാല്‍, മുല്ലപ്പെരിയാര്‍ അണക്കെട്ടിന് എന്തെങ്കിലും ദുരന്തം പെട്ടെന്നുണ്ടായാല്‍ പ്രസ്തുത സമയത്തിനു മുമ്പുതന്നെ വെള്ളം പാഞ്ഞെത്തും. ഉയര്‍ന്ന മര്‍ദവും ഉണ്ടാകും. ശക്തിയായ ഒഴുക്കില്‍ പാറയും മണ്ണും ഒലിച്ചെത്തും. പ്രസ്തുത അവസ്ഥയെക്കുറിച്ച് ഇപ്പോള്‍ വിവരിക്കാന്‍ കഴിഞ്ഞെന്നു വരില്ല. അതിന് പ്രത്യേകപഠനം ആവശ്യമാണെന്ന് മനോഹരന്‍ പറഞ്ഞു. പ്രത്യേക ശക്തിയുള്ള കോണ്‍ക്രീറ്റ് ഉപയോഗിച്ചാണ് ഇടുക്കി ആര്‍ച്ച് ഡാം നിര്‍മിച്ചിട്ടുള്ളത്. അതിനാല്‍, മുല്ലപ്പെരിയാറിലെ വെള്ളം സുരക്ഷിതമായി ഉള്‍ക്കൊള്ളാന്‍ ഇടുക്കിക്ക് കഴിയുമെന്ന് പരമേശ്വരന്‍ നായരും വിശദീകരിച്ചു. വൈദ്യുതി ഉത്പാദനം കൂട്ടി ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് കുറച്ചുകൊണ്ടിരിക്കുകയാണെന്ന് ടി.എം. മനോഹരന്‍ അറിയിച്ചു. അതിന്റെ വിശദമായ കണക്കുകള്‍ ഉള്‍പ്പെടെയുള്ള സാങ്കേതിക വിവരങ്ങള്‍ ജഡ്ജിമാരുടെ സമീപത്തു നിന്ന് അദ്ദേഹം വിശദീകരിക്കുകയും ചെയ്തു.

സാങ്കേതിക കാര്യങ്ങളെക്കുറിച്ച് കഴിഞ്ഞതവണ കേസ് പരിഗണിച്ചപ്പോള്‍ ചില സംശയങ്ങള്‍ കോടതി ഉന്നയിച്ചിരുന്നു. അവ നീക്കാന്‍ ടി.എം. മനോഹരനും പരമേശ്വരന്‍ നായര്‍ക്കും കഴിഞ്ഞു. കോടതി അതില്‍ പൂര്‍ണ തൃപ്തി പ്രകടിപ്പിക്കുകയും ചെയ്തു.

0 comments:

Post a Comment