« NEWS UPDATES: »

Xpress Publishing via blog@xpresstvm.tk





Monday, 5 December 2011

മുല്ലപ്പെരിയാര്‍ സമരം: കോണ്‍ഗ്രസിലും യു ഡി എഫിലും ഭിന്നത രൂക്ഷം



തിരുവനന്തപുരം: മുല്ലപ്പെരിയാര്‍ പ്രശ്‌നത്തില്‍ യു ഡി എഫിലും കോണ്‍ഗ്രസിലും ഭിന്നത രൂക്ഷമായി. മുല്ലപ്പെരിയാര്‍ സമരം ഹൈജാക്ക് ചെയ്യാനുള്ള കേരള കോണ്‍ഗ്രസ് മാണി വിഭാഗത്തിന്റെ നീക്കമാണ് മുന്നണിക്കുള്ളില്‍ അസ്വാരസ്യങ്ങള്‍ക്ക് വഴിവച്ചത്. ഒരു വിഭാഗം കോണ്‍ഗ്രസ് നേതാക്കള്‍ എതിര്‍പക്ഷത്തെ അടിക്കാനുള്ള ആയുധമായി ഈ വിഷയം ഉപയോഗിക്കുന്നുമുണ്ട്. മുന്നണിക്ക് നേതൃത്വം നല്‍കുന്ന കക്ഷി എന്ന നിലയില്‍ കോണ്‍ഗ്രസിന് മുല്ലപ്പെരിയാര്‍ വിഷയത്തില്‍ വേണ്ടവിധം ഇടപെടാന്‍ കഴിഞ്ഞില്ലെന്ന വിമര്‍ശനം ശക്തമാണ്. ഇത് മധ്യതിരുവിതാംകൂറില്‍ പാര്‍ട്ടിക്ക് ക്ഷീണമുണ്ടാക്കിയെന്നും കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നു. ഇന്നുചേരുന്ന കെ പി സി സി എക്‌സിക്യൂട്ടീവ് യോഗം ഇതു സംബന്ധിച്ച വാദപ്രതിവാദങ്ങള്‍ക്ക് വേദിയാകും.
മുല്ലപ്പെരിയാര്‍ സമരം തങ്ങളുടേതാക്കിമാറ്റാനുള്ള മാണി വിഭാഗത്തിന്റെ ശ്രമത്തെ പ്രതിരോധിക്കാനുള്ള വഴികള്‍ കണ്ടെത്തുന്നതിന് കെ പി സി സി നേതാക്കള്‍ കൂടിയാലോചന തുടങ്ങി. ഏകപക്ഷീയമായി സമരം പ്രഖ്യാപിച്ച് സമരം ഹൈജാക്ക് ചെയ്യാനുള്ള മാണിയുടെ നീക്കത്തില്‍  കെ പി സി സി നേതൃത്വവും കടുത്ത അതൃപ്തിയിലാണ്. വികാരപരമായ സമരങ്ങളില്‍ നിന്ന് മന്ത്രിമാരും ജനപ്രതിനിധികളും മാറി നില്‍ക്കണമെന്ന കേന്ദ്രസര്‍ക്കാരിന്റെ ആവശ്യം പുറത്തുവന്ന അതേദിവസം പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദനോടൊപ്പം സമരമിരിക്കുമെന്ന മന്ത്രി പി ജെ ജോസഫിന്റെ പ്രസ്താവനയും കോണ്‍ഗ്രസിനെ ചൊടിപ്പിച്ചിട്ടുണ്ട്. താന്‍ മന്ത്രി മാത്രമല്ലെന്നും കേരള കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ചെയര്‍മാന്‍ കൂടിയാണെന്നും ഇന്ന് സമരം ഇരിക്കാനുള്ള നീക്കത്തില്‍ നിന്ന് പിന്നോട്ടില്ലെന്നും മാണിയും പ്രഖ്യാപിച്ചു കഴിഞ്ഞു.  യു ഡി എഫില്‍ യാതൊരു കൂടിയാലോചനയും നടത്താതെയാണ് കേരള കോണ്‍ഗ്രസ് ഏകപക്ഷീയമായി സമരം പ്രഖ്യാപിച്ചതെന്നും കെ പി സി സി നേതൃത്വം കുറ്റപ്പെടുത്തുന്നു.
കേരള കോണ്‍ഗ്രസിന് സ്വാധീനമുള്ള ഇടുക്കി, കോട്ടയം ജില്ലകളില്‍ ഒറ്റതിരിഞ്ഞുള്ള സമരങ്ങളുമായി അവര്‍ മുന്നോട്ട് പോയത് കോണ്‍ഗ്രസിന് വലിയതോതില്‍ ക്ഷീണമുണ്ടാക്കിയതായി ഒരുവിഭാഗം കരുതുന്നു. പി ജെ ജോസഫിനെ മുന്നില്‍ നിര്‍ത്തി മാണി നടത്തുന്ന നീക്കങ്ങള്‍ക്ക് ഏതുവിധേനെയും തടയിടാനാണ് കെ പി സി സി ആലോചിക്കുന്നത്. മുല്ലപ്പെരിയാര്‍ വിഷയത്തില്‍ ജനങ്ങളെ തെരുവിലിറക്കി വിട്ടതിന്റെ മുഴുവന്‍ ഉത്തരവാദിത്തവും മന്ത്രി പി ജെ ജോസഫിന്റെ തലയില്‍ കെട്ടിവയ്ക്കാനാണ് കോണ്‍ഗ്രസ് ശ്രമം.
മുന്നണിക്ക് നേതൃത്വം നല്‍കുന്ന കക്ഷിയെന്ന നിലയില്‍ മുല്ലപ്പെരിയാര്‍ വിഷയത്തില്‍ യോജിച്ച തീരുമാനമെടുക്കുന്നതില്‍ കോണ്‍ഗ്രസ് പരാജയപ്പെട്ടു എന്ന വാദമാണ് കേരള കോണ്‍ഗ്രസ് മുന്നോട്ട് വയ്ക്കുന്നത്. മുന്നണി ഒറ്റക്കെട്ടായുള്ള സമരം പോട്ടെ, കോണ്‍ഗ്രസിന് ഒറ്റയ്ക്കുപോലും സമരം ഏറ്റെടുക്കാന്‍ ആയില്ലെന്ന ആക്ഷേപവുമുണ്ട്. കേന്ദ്രസര്‍ക്കാരുമായുള്ള ബന്ധത്തില്‍ ഉലച്ചിലുണ്ടാകുമെന്ന് ഭയന്നാണ് പ്രത്യക്ഷ സമരങ്ങളില്‍ നിന്ന് കോണ്‍ഗ്രസ് പിന്‍വാങ്ങിയതെന്നും മാണിവിഭാഗം നേതാക്കള്‍ രഹസ്യമായി പറയുന്നു. കിട്ടിയ അവസരം തങ്ങള്‍ ഉപയോഗപ്പെടുത്തിയതില്‍ കോണ്‍ഗ്രസിന് അതൃപ്തി തോന്നേണ്ട കാര്യമില്ലെന്നും കേരള കോണ്‍ഗ്രസ് മാണി വിഭാഗം നേതാവ് പറഞ്ഞു.
ഇടുക്കിയില്‍ റോഷി അഗസ്റ്റിന്‍ എം എല്‍ എ നിരാഹാരം തുടങ്ങിയത് യു ഡി എഫ് ജില്ലാ നേതൃത്വത്തെ അറിയിക്കാതെയാണെന്നും ആക്ഷേപമുണ്ട്. മുല്ലപ്പെരിയാര്‍ വിഷയത്തില്‍ ഒറ്റത്തിരിഞ്ഞ സമരവും സന്ദര്‍ശനവും പാടില്ലെന്ന് യു ഡി എഫ് യോഗത്തിന്റെ തീരുമാനം കേരള കോണ്‍ഗ്രസ് മാണി വിഭാഗം കാറ്റില്‍ പറത്തുകയായിരുന്നു. യു ഡി എഫ് പ്രതിനിധി സംഘത്തെ മുല്ലപ്പെരിയാറിലേക്ക് അയയ്ക്കാനും ഇതുവരെ കഴിഞ്ഞിട്ടില്ല. ഏഴിന് ചേരുന്ന യു ഡി എഫ് യോഗം ഇതു ചര്‍ച്ച ചെയ്യും.
കേരളം ഉന്നയിക്കുന്ന വാദമുഖത്തിന് എതിരായി ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കിയ അഡ്വക്കേറ്റ് ജനറല്‍ കെ പി ദണ്ഡപാണിയെ സംരക്ഷിക്കുന്ന ഉമ്മന്‍ചാണ്ടിയുടെ നിലപാടില്‍ കെ പി സി സി നേതൃത്വത്തിന് അതൃപ്തിയുണ്ട്. ദണ്ഡപാണിയെ തല്‍സ്ഥാനത്ത് നിന്ന് നീക്കം ചെയ്താല്‍ എ ജിക്ക് വിവരങ്ങള്‍ നല്‍കിയ അഡീഷണല്‍ ചീഫ് സെക്രട്ടറി കെ ജയകുമാറിനെയും അദ്ദേഹത്തിന് വിദഗ്ധാഭിപ്രായം നല്‍കിയ കെ എസ് ഇ ബി ചെയര്‍മാന്‍ ടി എം മനോഹരനെയും നീക്കേണ്ടിവരും. ഇവരുമായി അടുത്ത ബന്ധമുള്ള മുഖ്യമന്ത്രിയെ കടുത്ത നടപടികളില്‍ നിന്ന് പിന്തിരിപ്പിക്കുന്നത് ഇതാണെന്ന് മറുവിഭാഗം പറയുന്നു. ദണ്ഡപാണിയെ ഉടനടി നീക്കണമെന്ന് എന്‍ എസ് എസും നീക്കരുതെന്ന് എസ് എന്‍ ഡി പിയും കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു. സാമുദായിക സംഘടനകള്‍ക്ക് വഴങ്ങിമാത്രം നിലപാടെടുക്കുന്ന യു ഡി എഫ് സര്‍ക്കാരിന് ഇക്കാര്യത്തില്‍ തീരുമാനമെടുക്കാന്‍ കഴിയാത്ത അവസ്ഥയാണുള്ളത്. ആദ്യം അഡ്വക്കേറ്റ് ജനറലിന് പിന്തുണയുമായി രംഗത്തുവരികയും പിന്നീട് എതിര്‍പ്പ് രൂക്ഷമായപ്പോള്‍ എ ജിയെ തള്ളിപ്പറയുകയും ചെയ്ത റവന്യൂ മന്ത്രി തിരുവഞ്ചൂരിനെതിരെയും ഒരു വിഭാഗം കോണ്‍ഗ്രസ് നേതാക്കള്‍ ശക്തിമായി രംഗത്തുവന്നിട്ടുണ്ട്.

0 comments:

Post a Comment