« NEWS UPDATES: »

Xpress Publishing via blog@xpresstvm.tk





Monday 5 December 2011

ക്രിസ്മസ് വിപണി സജീവമാകുന്നു.



തിരുവനന്തപുരം: ഡിസംബര്‍ മിഴിതുറന്നു. മുറ്റത്തു വര്‍ണപ്രകാശം നിറയ്ക്കാന്‍ വീട്ടുകാര്‍ നക്ഷത്രം വാങ്ങാനിറങ്ങിയതോടെ ക്രിസ്മസ് വിപണി ഉണരുകയായി. ഭൂരിഭാഗം കച്ചവടക്കാരും സാധനങ്ങള്‍ സ്റ്റോക്കുചെയ്യുന്ന തിരക്കിലാണിപ്പോള്‍. ഒരാഴ്ച കഴിഞ്ഞാല്‍ നക്ഷത്രം, വസ്ത്രം, ഗൃഹോപകരണങ്ങള്‍, കേക്ക്, ക്രിസ്മസ് കാര്‍ഡ് എന്നുവേണ്ട സര്‍വത്ര സാധനങ്ങളുടെയും വിപണി സജീവമാകും. വീട്ടുമുറ്റങ്ങളില്‍ നക്ഷത്രങ്ങള്‍ ഇപ്പൊഴേ സ്ഥാനംപിടിച്ചു കഴിഞ്ഞു. ദിവസങ്ങള്‍ കഴിയുന്നതോടെ വില്‍പ്പന ഇരട്ടിയാവുമെന്നാണു കച്ചവടക്കാര്‍ കണക്കുകൂട്ടുന്നത്.

വിപണിയില്‍ കഴിഞ്ഞ കൊല്ലം താരമായിരുന്ന യന്തിരന് ഇപ്പോഴും ഡിമാന്‍ഡാണത്രേ. മായാവിയുടെ കയ്യിലെ മാന്ത്രിക വടിപോലാണു യന്തിരന്റെ ആകൃതി. സിനിമാപേരിലും നക്ഷത്രങ്ങള്‍ വിപണയില്‍ എത്തിക്കഴിഞ്ഞു. റാ-വണ്‍, ഏഴാം അറിവ്, മാണിക്യകല്ല്, സ്നേഹവീട്, ഡോ ലവ് തുടങ്ങിയ പേരില്‍ നക്ഷത്രങ്ങള്‍ വിപണി പിടിക്കാന്‍ യാത്രതുടങ്ങി.ഒരാഴ്ച കൂടി കഴിയുന്നതോടെ വസ്ത്ര വിപണി ചൂടാവും എന്നാണു പ്രതീക്ഷ. അതേസമയം പ്രമുഖ വസ്ത്ര സ്ഥാപനങ്ങളിലൊന്നും ഇപ്പോഴും നിന്നുതിരിയാന്‍ ഇടമില്ലാത്ത തരത്തില്‍ തിരക്കാണ്.

ലക്ഷങ്ങള്‍ മറിയുന്ന കേക്ക് വിപണിയും ഉണരുന്നതു 15ന് ശേഷമാവും. കേക്ക് നിര്‍മിക്കുന്ന അസംസ്കൃത വസ്തുക്കള്‍ക്കിപ്പോള്‍ തീവിലയെന്നാണു കേക്ക് നിര്‍മാതാക്കള്‍ പറയുന്നത്. ഇതു കേക്കിന്റെ വിലയെയും ബാധിക്കുമെന്നാണു സൂചന.ക്രിസ്മസിനു വിലക്കയറ്റം പിടിച്ചുനിര്‍ത്തുന്നതിന്റെ ഭാഗമായി കണ്‍സ്യൂമര്‍ ഫെഡ് 'ക്രിസ്മസ് വിപണിക്കു തുടക്കം കുറിച്ചിട്ടുണ്ട്. ജില്ലയില്‍ മുക്കിലും മൂലയിലും ഇതു തുറന്നിട്ടുണ്ട്. പച്ചക്കറിയും പലവ്യജ്ഞനങ്ങളും വിലക്കുറവില്‍ ഇതുവഴി ലഭിക്കും. അതേസമയം മറ്റ് ഉല്‍പനങ്ങള്‍ക്കു താരതമ്യന അല്‍പം വില വര്‍ധിക്കാനാണു സാധ്യത.

0 comments:

Post a Comment