« NEWS UPDATES: »

Xpress Publishing via blog@xpresstvm.tk





Monday, 12 December 2011

മുല്ലപ്പെരിയാര്‍: കേന്ദ്രം ഉടന്‍ ഇടപെടണമെന്നു മേധ പട്കര്‍


മുല്ലപ്പെരിയാര്‍ സമരത്തിനു പിന്തുണ പ്രഖ്യാപിച്ചു ചപ്പാത്തിലെ സമരപ്പന്തലില്‍ മേധ പട്കര്‍ പ്രസംഗിക്കുന്നു.


ചപ്പാത്ത്: കേരളത്തിന്റെയും തമിഴ്നാടിന്റെയും നിര്‍ണായക വിഷയമെന്ന നിലയില്‍ മുല്ലപ്പെരിയാര്‍ പ്രശ്നത്തില്‍ കേന്ദ്രസര്‍ക്കാര്‍ അടിയന്തര ഇടപെടല്‍ നടത്തണമെന്നു മേധ പട്കര്‍. ചപ്പാത്തിലെ മുല്ലപ്പെരിയാര്‍ സമരപ്പന്തലില്‍ പ്രസംഗിക്കുകയായിരുന്നു മേധ പട്കര്‍. ഒരുവശത്തു കൃഷിചെയ്യുക എന്നതിനെക്കാളുപരി മനുഷ്യജീവനാണു പ്രധാനമെന്നതാണു വലുതായി കാണേണ്ടത്.

ഇത്തരത്തിലുള്ള ഭയാനകമായ അവസ്ഥയില്‍ നിന്നുകൊണ്ടുതന്നെ വെള്ളം നല്‍കാന്‍ കേരളം തയാറായ സ്ഥിതിക്കു വിട്ടുവീഴ്ചാ മനോഭാവത്തിനു തമിഴ്നാട് തയാറാകണം. ആരും തോല്‍ക്കുമെന്ന ചിന്തയില്ലാതെ, എല്ലാവരും വിജയിക്കുന്ന പ്രശ്നപരിഹാരമാണു വേണ്ടത്. ഇതിനായി ഇപ്പോള്‍ തമിഴ്നാടിനു മുന്നിലുള്ള കൃഷി നശിക്കുമെന്ന ആശങ്കകള്‍ ദൂരീകരിക്കണം.

കാലപ്പഴക്കംചെന്ന ഡാമുകളെക്കുറിച്ചു പഠിക്കാന്‍ സെന്‍ട്രല്‍ വാട്ടര്‍ കമ്മിഷനും മറ്റും പരിശോധന നടത്തുകയും വിശകലനം നടത്തുകയും ചെയ്തിട്ടുമില്ല. ഇന്ത്യയില്‍ നാനൂറിലധികം അണക്കെട്ടുകള്‍ അന്‍പതും നൂറും വര്‍ഷത്തിനുമേല്‍ പഴക്കമുള്ളവയാണ്. എന്നാല്‍, ഭൂചലനങ്ങള്‍ ഏറിയെങ്കിലും ഇവയുടെ ബലക്ഷയത്തെക്കുറിച്ചു പഠനം നടത്തുന്നില്ല. ഈ അവസ്ഥയില്‍ 116 വര്‍ഷം പഴക്കമുള്ള മുല്ലപ്പെരിയാര്‍ അണക്കെട്ടിനെക്കുറിച്ച് ഇപ്പോഴും ഇതിന്റെ നേട്ടകോട്ടങ്ങളെക്കുറിച്ചു വിശകലനം നടത്തുന്നില്ല.

ഇത്തരം കാര്യങ്ങളില്‍ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചാല്‍ മറ്റു സംസ്ഥാനങ്ങളുടെ ശത്രുവായേക്കാം എന്നു മേധ പട്കര്‍ പറഞ്ഞു. മുല്ലപ്പെരിയാര്‍മുതല്‍ ഇടുക്കിവരെയുള്ള എഴുപതിനായിരത്തോളം ജനങ്ങളുടെ സുരക്ഷയാണ് ആദ്യമായി ചര്‍ച്ചചെയ്യേണ്ടത്. എല്ലാ കക്ഷികളും മുല്ലപ്പെരിയാര്‍ പ്രശ്നപരിഹാരത്തിനായി ശ്രമിക്കണമെന്നും മേധ പറഞ്ഞു.

മുല്ലപ്പെരിയാര്‍ റിലേ നിരാഹാരസമരം തുടങ്ങിവച്ച പരിസ്ഥിതി പ്രവര്‍ത്തകന്‍ സി. ആര്‍. നീലകണ്ഠന്‍, അനിശ്ചിതകാല നിരാഹാരം അനുഷ്ഠിക്കുന്ന മുന്‍ മന്ത്രി മോന്‍സ് ജോസഫ്, എംഎല്‍എമാരായ റോഷി അഗസ്റ്റിന്‍, രാജു ഏബ്രഹാം, ഇ. എസ്. ബിജിമോള്‍, സമരസമിതി ചെയര്‍മാന്‍ പ്രഫ. സി. പി. റോയി, ഫാ. ജോയി നിരപ്പേല്‍ എന്നിവര്‍ പ്രസംഗിച്ചു.

0 comments:

Post a Comment