« NEWS UPDATES: »

Xpress Publishing via blog@xpresstvm.tk





Tuesday 13 December 2011

നഗരത്തിലെ പ്രധാന ഭാഗങ്ങളില്‍ കുടിവെള്ളമില്ല



തിരുവനന്തപുരം: തുടര്‍ച്ചയായ മൂന്നാമത്തെ പൈപ്പ് പൊട്ടലും കഴിഞ്ഞതോടെ നഗരത്തിലെ പ്രധാന ഭാഗങ്ങളില്‍ കുടിവെള്ളമില്ലാതെ ജനം വലഞ്ഞു. ആസ്​പത്രി കളിലും, സ്‌കൂളുകളിലും വെള്ളക്ഷാമം രൂക്ഷമായിരുന്നു. ഉയര്‍ന്ന ഭാഗങ്ങളില്‍ മൂന്ന് ദിവസമായി ഒരു തുള്ളിവെള്ളം ലഭിച്ചിട്ട്. ശനിയാഴ്ച അമ്പലംമുക്കിലും വെള്ളയമ്പലത്തും പൈപ്പ് പൊട്ടിയതിനെ തുടര്‍ന്ന് അരുവിക്കരയില്‍ നിന്നുള്ള പമ്പിങ് നിര്‍ത്തിവെച്ചിരുന്നു. ഇത് ശരിയാക്കുന്നതിനിടയിലാണ് ഞായറാഴ്ച രാത്രി വഴയിലയിലും പൈപ്പ് പൊട്ടിയത്. ഇതോടെ നഗരവാസികളുടെ ദുരിതം ഇനിയും തുടരുമെന്ന് ഉറപ്പായി. ടാങ്കര്‍ ലോറികളില്‍ വെള്ളമെത്തിക്കുന്നുണ്ടെങ്കിലും ആവശ്യക്കാരില്‍ പകുതിപ്പേര്‍ക്ക് പോലും തികയുന്നില്ല.

തൈക്കാട്, മേട്ടുക്കട, കണ്ണേറ്റുമുക്ക്, പാളയം, വഴുതയ്ക്കാട്, ലെനിന്‍ നഗര്‍, ജഗതി, ഈശ്വരവിലാസം, അമ്പലത്തറ, കമലേശ്വരം, പുളിമൂട്, മാഞ്ഞാലിക്കുളം, പേട്ട, കല്ലുംമൂട്, ഭഗത്‌സിങ് റോഡ്, സെക്രട്ടേറിയറ്റ്, സ്റ്റാച്യു, ജനറല്‍ ആസ്​പത്രി, കിഴക്കേകോട്ട, കവടിയാര്‍, പേരൂര്‍ക്കട, തുടങ്ങിയ പ്രദേശങ്ങളിലാണ് രൂക്ഷമായ ക്ഷാമമുണ്ടായത്. എന്നാല്‍ പാല്‍ക്കുളങ്ങര, ശ്രീകണേ്ഠശ്വരം, ആറ്റുകാല്‍ തുടങ്ങി താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം ലഭിക്കുന്നുണ്ടായിരുന്നു.

പത്തുടാങ്കറുകള്‍ വെള്ളം എത്തിക്കാനായി ഏര്‍പ്പെടുത്തിയിരുന്നു. കോര്‍പ്പറേഷന്റെ രണ്ട്, വാട്ടര്‍ അതോറിറ്റിയുടെ മൂന്ന്, ഫയര്‍ഫോഴ്‌സ് ഒന്ന്, സ്വകാര്യ വാഹനങ്ങള്‍ നാല് എന്നിങ്ങനെയാണ് ടാങ്കറുകള്‍ ഏര്‍പ്പെടുത്തിയത്. രാവിലെ മുതല്‍ തന്നെ കണ്‍ട്രോള്‍ റൂമിലേക്ക് നിരവധി ഫോണുകളാണ് വന്നത്. തുടര്‍ന്ന് ആദ്യം ജനറല്‍ ആസ്​പത്രി, പേരൂര്‍ക്കട, തൈക്കാട് എന്നീ ആസ്​പത്രികളിലും ടാങ്കറുകളില്‍ വെള്ളമെത്തിച്ചു. സ്‌കൂളുകളിലും വെള്ളമെത്തിച്ചശേഷം ഉച്ചയോടെയാണ് നാട്ടുകാര്‍ക്ക് വെള്ളം കൊടുത്തു തുടങ്ങിയത്. രാവിലെ തന്നെ ബുക്ക് ചെയ്ത് കാത്തിരുന്ന പല റസിഡന്റ്‌സ് അസോസിയേഷനുകള്‍ക്കും വൈകീട്ടായിട്ടും വെള്ളം കിട്ടിയിട്ടില്ല.

വെള്ളയമ്പലം ഒബ്‌സര്‍വേറ്ററിയിലെ ടാങ്കിലേക്ക് വെള്ളം എത്തിക്കുന്ന പ്രധാന പൈപ്പ് ലൈനാണ് ഞായറാഴ്ച പൊട്ടിയത്. ഇതിനെ തുടര്‍ന്ന് തിരുമലയിലെ ജപ്പാന്‍ കുടിവെള്ള ടാങ്കില്‍ നിന്നും ഒബ്‌സര്‍വേറ്ററി ടാങ്കിലേക്ക് വെള്ളം എത്തിക്കുന്നതിനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിരുന്നതിനാലാണ് നഗരത്തിന്റെ താഴ്ന്ന ഭാഗങ്ങളിലെങ്കിലും വെള്ളം എത്തിയത്.

0 comments:

Post a Comment