« NEWS UPDATES: »

Xpress Publishing via blog@xpresstvm.tk





Monday, 5 December 2011

ലോട്ടറി ടിക്കറ്റിന്റെ നമ്പര്‍ തിരുത്തി പണം തട്ടി

നമ്പര്‍ തിരുത്തി പണം തട്ടിയ ലോട്ടറി ടിക്കറ്റ്. നാല് എന്ന അക്കമാണു മാറ്റിച്ചേര്‍ത്തത്.
പാലോട്: പ്രൈസ് നമ്പരുകള്‍ കംപ്യൂട്ടറില്‍ തിരുത്തി ലോട്ടറി ടിക്കറ്റ് മാറുന്ന സംഘം സജീവം. കഴിഞ്ഞദിവസം പാലോട് ബേബിയുടെ ലോട്ടറി കടയില്‍നിന്ന് ഒരു സ്ത്രീ ഒന്‍പതിനായിരം രൂപ മാറി.

കഴിഞ്ഞ മാസം 19നു നറുക്കെടുത്ത കാരുണ്യ ലോട്ടറി ഉപയോഗിച്ചാണു തട്ടിപ്പു നടന്നത്. കെ.ബി. 296074 നമ്പരിന് 10,000 രൂപ സമ്മാനമുണ്ടായിരുന്നു. ഈ നമ്പരില്‍ അവസാനത്തെ '4 എന്ന നമ്പരാണ് മാറ്റിചേര്‍ത്തു തട്ടിപ്പു നടത്തിയിരിക്കുന്നത്. കഴിഞ്ഞ മാസം 24നാണ് ഒരു അപരിചിതയായ സ്ത്രീ ടിക്കറ്റുമായി ബേബിയുടെ കടയിലെത്തിയത്. ടിക്കറ്റിലെ നമ്പരില്‍ യാതൊരു സംശയവും തോന്നാത്ത ബേബി ഫലവുമായി ഒത്തുനോക്കി ഒന്‍പതിനായിരം രൂപ നല്‍കി.

ടിക്കറ്റിനു പിന്നില്‍ സ്ത്രീ മയൂരി എന്നു പേരെഴുതി ഒപ്പിട്ടു നല്‍കി. ബേബി ടിക്കറ്റ് മാറാനായി ലോട്ടറി ഓഫിസില്‍ ചെന്നപ്പോഴാണു തട്ടിപ്പു മനസ്സിലായത്. നമ്പര്‍ സ്കാന്‍ ചെയ്തപ്പോള്‍ അവസാനത്തെ ഏതോ നമ്പര്‍ മാറ്റിയശേഷമാണു നാല് എന്ന അക്കം കൂട്ടിച്ചേര്‍ത്തതെന്നു ബോധ്യമായി.

ഈ സ്ത്രീ ആദ്യം പാലോട് വിജയാ ലക്കി സെന്ററിലാണു ടിക്കറ്റ് മാറാനായി എത്തിയത്. അവിടെ പണമില്ലാതിരുന്നതുമൂലം തൊട്ടടുത്ത ഗോപി ലക്കി സെന്ററില്‍ മാറാനായി എത്തി. കടയുടമ കച്ചവട തിരക്കിലായതിനാല്‍ കാത്തുനില്‍ക്കാന്‍ കൂട്ടാക്കാതെ സ്ത്രീ ബേബിയുടെ കടയില്‍ എത്തുകയായിരുന്നു. എന്നാല്‍ ഈ സ്ത്രീ കാറിലാണു
വന്നതെന്നും കാറിനുള്ളില്‍ ഒരു സംഘം ഉണ്ടായിരുന്നതായും പറയുന്നു.

ഇതേദിവസം തന്നെ വെള്ളനാട് നിന്ന് 5000 രൂപയുടെ ഒന്നും വിതുരയില്‍ നിന്നു രണ്ടും ടിക്കറ്റുകള്‍ മാറിയതായി ലോട്ടറി ഏജന്റുമാര്‍ പറയുന്നു. പാവങ്ങളാണു തട്ടിപ്പിനിരയായിരിക്കുന്നത്. മറ്റു പ്രദേശങ്ങളിലും ഇത്തരത്തില്‍ തട്ടിപ്പു നടന്നതായി സംശയിക്കുന്നു.

0 comments:

Post a Comment