കെ എ ജോണി
കോടതിയുടെ പരിഗണനയിലിരിക്കുന്ന പ്രശ്‌നത്തില്‍ ചര്‍ച്ചയ്ക്ക് പ്രസക്തിയില്ലെന്ന് വാദം
ചെന്നൈ: മുല്ലപ്പെരിയാര്‍ പ്രശ്‌നം ചര്‍ച്ചചെയ്യുന്നതിന് കേന്ദ്രസര്‍ക്കാര്‍ വിളിച്ച ഉദ്യോഗസ്ഥതല ചര്‍ച്ചയില്‍ പങ്കെടുക്കില്ലെന്ന് തമിഴ്‌നാട് വ്യക്തമാക്കി. കേന്ദ്ര ജലവിഭവസെക്രട്ടറിക്കയച്ച കത്തില്‍ സംസ്ഥാന പൊതുമരാമത്ത് സെക്രട്ടറി സായ്കുമാറാണ് ഡല്‍ഹിയില്‍ നടക്കാനിരിക്കുന്ന ചര്‍ച്ചയ്ക്ക് തമിഴ്‌നാടില്ലെന്ന് അറിയിച്ചത്.
സുപ്രീംകോടതി നിയോഗിച്ച സമിതി മുല്ലപ്പെരിയാര്‍ പ്രശ്‌നം പരിശോധിച്ചുകൊണ്ടിരിക്കെ ഔദ്യോഗികചര്‍ച്ചയ്ക്ക് പ്രസക്തിയില്ലെന്ന നിലപാടാണ് കത്തില്‍ തമിഴ്‌നാട് മുന്നോട്ടുവെച്ചിരിക്കുന്നത്. വിദഗ്ധസമിതിയുടെ റിപ്പോര്‍ട്ട് വരുന്നതുവരെ കാത്തിരിക്കണമെന്നും അവര്‍ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
ഈ മാസം 15-നോ 16-നോ ഉദ്യോഗസ്ഥതലചര്‍ച്ച നടക്കുമെന്നാണ് കേന്ദ്ര ജലവിഭവസെക്രട്ടറി അറിയിച്ചത്. ആദ്യം ഡിസംബര്‍ അഞ്ചിന് നടത്താനിരുന്ന ഈ ചര്‍ച്ച തമിഴ്‌നാട് ബഹിഷ്‌കരിച്ചതല്ലെന്നും അസൗകര്യം മൂലം എത്താതിരുന്നതാണെന്നും സെക്രട്ടറി കേരളത്തിന്റെ അഡീഷണല്‍ ചീഫ് സെക്രട്ടറി കെ. ജയകുമാറിനെ അറിയിച്ചിരുന്നു. മുല്ലപ്പെരിയാര്‍ പ്രശ്‌നത്തില്‍ കേരള-തമിഴ്‌നാട് മുഖ്യമന്ത്രിമാരുടെ കൂടിക്കാഴ്ചയ്ക്ക് മുന്നോടിയായാണ് ഈ ചര്‍ച്ചയെന്ന സൂചനയും കേന്ദ്രം നല്‍കിയിരുന്നു. എന്നാല്‍, വ്യാഴാഴ്ച വൈകിട്ട് പെട്ടെന്നാണ് തമിഴ്‌നാട് ചുവടുമാറ്റിയത്.
ജലനിരപ്പ് 120 അടിയാക്കണമെന്നാവശ്യപ്പെട്ട് കേരളം സുപ്രീംകോടതിയെ സമീപിച്ച കാര്യം തമിഴ്‌നാട് കേന്ദ്രത്തിനയച്ച കത്തില്‍ ചൂണ്ടിക്കാട്ടി. 2006-ല്‍ മുല്ലപ്പെരിയാറിലെ സംഭരണശേഷി 142 അടിയാക്കി ഉയര്‍ത്തണമെന്ന് സുപ്രീംകോടതി പുറപ്പെടുവിച്ച വിധി മറികടക്കുന്നതിന് കേരളസര്‍ക്കാര്‍ ജലസേചന നിയമത്തില്‍ ഭേദഗതി വരുത്തുകയുണ്ടായി. സംഭരണശേഷി 136 അടിയാക്കി നിലനിര്‍ത്തണമെന്നാവശ്യപ്പെട്ടവര്‍ ഇപ്പോള്‍ 120 അടിയാക്കി കുറയ്ക്കണമെന്നാവശ്യപ്പെടുന്നത് വിരോധാഭാസമാണ്. മുല്ലപ്പെരിയാര്‍ അണക്കെട്ട് സുരക്ഷിതമാണെന്നും ഇക്കാര്യത്തില്‍ സുപ്രീംകോടതിയില്‍ നിന്ന് നീതി ലഭിക്കുമെന്നു തന്നെയാണ് തങ്ങളുടെ പ്രതീക്ഷയെന്നും കത്തില്‍ തമിഴ്‌നാട് വ്യക്തമാക്കുന്നു.
മുല്ലപ്പെരിയാര്‍പ്രശ്‌നത്തില്‍ ശക്തമായ പ്രചാരണത്തിന് തമിഴ്‌നാട് തയ്യാറെടുക്കുന്നതായും സൂചനയുണ്ട്. അണക്കെട്ട് സുരക്ഷിതമാണെന്ന വാദം ദേശീയതലത്തില്‍ ഉയര്‍ത്തുന്നതിനായി സംസ്ഥാനസര്‍ക്കാര്‍ വിവിധ മാധ്യമവിദഗ്ധരുടെ സഹായം തേടിവരികയാണ്. ദേശീയമാധ്യമങ്ങളില്‍ അണക്കെട്ട് സുരക്ഷിതമാണെന്ന നിലപാടിന് ഊന്നല്‍ നല്‍കുന്ന ലേഖനങ്ങളും പരസ്യങ്ങളും പ്രസിദ്ധീകരിക്കാന്‍ ശ്രമം നടക്കുന്നുണ്ട്. കാലപ്പഴക്കംമൂലം അണക്കെട്ടുകള്‍ തകരില്ല എന്ന വാദമാണ് തമിഴ്‌നാട് പ്രധാനമായും മുന്നോട്ടുവെക്കുന്നത്. തമിഴ്‌നാട്ടില്‍ കാവേരിക്കു കുറുകെ എ.ഡി. രണ്ടാം നൂറ്റാണ്ടില്‍ കരികാലചോളന്‍ കെട്ടിയ കല്ലണ ഇപ്പോഴും ഒരു കുഴപ്പവുമില്ലാതെ പ്രവര്‍ത്തിക്കുന്നുണ്ടെന്നും ആന്ധ്രയിലെ ഗോദാവരി തടത്തില്‍ 1845-ല്‍ സര്‍ ആര്‍തര്‍ കോട്ടണ്‍ നിര്‍മിച്ച അണയും തീര്‍ത്തും സുരക്ഷിതമായി നിലകൊള്ളുന്നുണ്ടെന്നും അവര്‍ ചൂണ്ടിക്കാണിക്കുന്നു.
മുല്ലപ്പെരിയാര്‍ തകര്‍ന്നാല്‍ ഏറ്റവും കൂടുതല്‍ ബാധിക്കുക തമിഴ്ജനതയെയായിരിക്കുമെന്നാണ് മറ്റൊരു വാദം. മുല്ലപ്പെരിയാറിനും ഇടുക്കിക്കുമിടയിലുള്ള ജനങ്ങളില്‍ 80 ശതമാനവും തമിഴരാണെന്നാണ് ഇതിന് കാരണമായി തമിഴ്‌നാട് പറയുന്നത്.
തീരുമാനം ഡി.എം.കെ. യോഗം ചേരാനിരിക്കെ
മുല്ലപ്പെരിയാര്‍പ്രശ്‌നം ചര്‍ച്ച ചെയ്യുന്നതിന് ഡി.എം.കെ. ദേശീയ നിര്‍വാഹക സമിതി യോഗം വെള്ളിയാഴ്ച ചേരാനിരിക്കെയാണ് കേന്ദ്രം വിളിച്ച ചര്‍ച്ച ബഹിഷ്‌കരിക്കാന്‍ ജയലളിത സര്‍ക്കാര്‍ തീരുമാനമെടുത്തത്. ഈ വിഷയത്തില്‍ തങ്ങള്‍ക്കെതിരെ നീങ്ങാന്‍ പ്രതിപക്ഷത്തിന് ഒരായുധവും നല്‍കില്ലെന്ന സൂചന കൂടിയാണ് പുതിയ നീക്കത്തിലൂടെ തമിഴ്‌നാട് സര്‍ക്കാര്‍ നല്‍കുന്നത്.
ഡി.എം.കെ. യും കരുണാനിധിയും ജയലളിത സര്‍ക്കാറിനെതിരെ ആഞ്ഞടിക്കാന്‍ മുല്ലപ്പെരിയാര്‍ നല്ല ആയുധമാകും എന്ന കണക്കുകൂട്ടലിലാണ് കരുക്കള്‍ നീക്കുന്നത്. ഇതിന്റെ ഭാഗമായാണ് അടിയന്തര നിര്‍വാഹകസമിതി വിളിച്ചത്. പാര്‍ലമെന്റിലും ഡി.എം.കെ. എം.പി.മാര്‍ തുടര്‍ച്ചയായി പ്രതിഷേധം നടത്തിവരികയാണ്. ഈ സാഹചര്യത്തില്‍ ഊട്ടിയിലെ കോടനാട്ടുള്ള വീട്ടിലേക്കുള്ള യാത്ര മാറ്റിവെച്ചാണ് ജയലളിത മുല്ലപ്പെരിയാര്‍പ്രശ്‌നത്തില്‍ തന്ത്രങ്ങള്‍ മെനയുന്നത്.
0 comments:
Post a Comment