« NEWS UPDATES: »

Xpress Publishing via blog@xpresstvm.tk





Monday 12 December 2011

നഗരത്തില്‍ ജലവിതരണം താറുമാറാകും


കഴിഞ്ഞ ദിവസം രാത്രി പൊട്ടിയ നഗരത്തിലേക്കുള്ള പ്രധാന ശുദ്ധജലവിതരണ പൈപ്പ്. വഴയില ആറാംകല്ലില്‍ പണിയാരംഭിച്ചപ്പോള്‍. ചിത്രം: ബി. ജയചന്ദ്രന്‍


തിരുവനന്തപുരം: പേരൂര്‍ക്കട വഴയില ആറാംകല്ലിനു സമീപം പൊട്ടിയ പൈപ്പിലെ അറ്റകുറ്റപ്പണി തീരാത്തതിനാല്‍ നഗരത്തില്‍ രണ്ടു ദിവസമെങ്കിലും കുടിവെള്ള വിതരണം താറുമാറാകും.  ഞായറാഴ്ച രാത്രി പൈപ്പ് പൊട്ടി; അറ്റകുറ്റപ്പണി തുടങ്ങിയത്  ഇന്നലെ ഉച്ചകഴിഞ്ഞാണ്. അഞ്ചു മീറ്റര്‍ നീളമുള്ള രണ്ടു പൈപ്പുകളാണു മാറ്റിസ്ഥാപിക്കേണ്ടത്.  തുടര്‍ച്ചയായ മൂന്നാം ദിവസവും വിവിധ സ്ഥലങ്ങളില്‍ വാട്ടര്‍ അതോറിറ്റിയുടെ പൈപ്പ് പൊട്ടിയതു കാരണം നഗരത്തിലെ കുടിവെള്ള വിതരണം കുത്തഴിഞ്ഞ നിലയിലായി.  കഴിഞ്ഞ ദിവസം പേരൂര്‍ക്കട അമ്പലംമുക്കിനു സമീപത്തും പൈപ്പ് പൊട്ടിയിരുന്നു.

തിരുമലയിലെ ടാങ്കില്‍ നിന്നു വെള്ളം തിരിച്ചുവിടുന്നുണ്ടെങ്കിലും നഗരത്തിലെ ആകെ കുടിവെള്ള ആവശ്യത്തിന് ഇതു തികയില്ല.  15 വര്‍ഷത്തിനിടെ ഏകദേശം 90 തവണയാണ് ഈ പൈപ്പില്‍ പൊട്ടല്‍ ഉണ്ടായത്. പട്ടം, മെഡിക്കല്‍ കോളജ്, പാളയം, സ്റ്റാച്യു, പ്ളാമൂട്, പിഎംജി, ആയുര്‍വേദ കോളജ്, തൈക്കാട്, വഴുതക്കാട്, ശാസ്തമംഗലം തുടങ്ങി നഗരത്തിന്റെ ഹൃദയ ഭാഗത്തെയാണു പൈപ്പ് പൊട്ടല്‍ സാരമായി ബാധിച്ചിരിക്കുന്നത്.  ഇവിടങ്ങളില്‍ ടാങ്കര്‍ ലോറിയില്‍ വെള്ളമെത്തിക്കുമെന്നു വാട്ടര്‍ അതോറിറ്റി വാഗ്ദാനം നല്‍കിയിട്ടുണ്ടെങ്കിലും എത്രത്തോളം ഫലപ്രദമാകുമെന്ന് ആശങ്കയുണ്ട്.

കാലപ്പഴക്കമാണു പൈപ്പ് പൊട്ടാന്‍ കാരണമായി അതോറിറ്റി പറയുന്നത്.  കമ്മിഷന്‍ ചെയ്ത
ശേഷം കാലാവധി അവസാനിച്ച പൈപ്പിലാണു ഞായറാഴ്ച പൊട്ടല്‍ ഉണ്ടായത്.  കാലപ്പഴക്കമുള്ള മുഴുവന്‍ പൈപ്പും മാറ്റിസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് അറ്റകുറ്റപ്പണിക്കെത്തിയ വാട്ടര്‍ അതോറിറ്റി ഉദ്യോഗസ്ഥരെ നാട്ടുകാര്‍ തടഞ്ഞു. ആറാംകല്ലില്‍ പൊട്ടിയ പൈപ്പില്‍ നിന്ന് 25 മീറ്ററോളം ഉയരത്തില്‍ വെള്ളം പൊങ്ങി പ്രധാന റോഡിന്റെ മറുവശത്തു കിള്ളിയാറില്‍ പതിക്കുകയായിരുന്നു.  അരുവിക്കരയില്‍ നിന്ന് ഒബ്സര്‍വേറ്ററിയിലേക്കു പോകുന്ന പ്രധാന പൈപ്പ്ലൈനായ 1200 എംഎം സിമന്റ് പൈപ്പാണു പൊട്ടിയത്.  ഇതു മാറ്റി മൈല്‍ഡ് സ്റ്റീല്‍ പൈപ്പ് സ്ഥാപിക്കുന്ന പണികളാണു പുരോഗമിക്കുന്നത്.  ശക്തമായ വെള്ളത്തിന്റെ ഒഴുക്കില്‍ ഒരു വീട് പൂര്‍ണമായും രണ്ടു വീടുകള്‍ ഭാഗികമായും തകര്‍ന്നു.

നാട്ടുകാരുടെ എതിര്‍പ്പിനെ തുടര്‍ന്നു പൈപ്പ് പൊട്ടി മണിക്കൂറുകള്‍ കഴിഞ്ഞിട്ടും അറ്റകുറ്റപ്പണി നടത്താനായില്ല.  ഒടുവില്‍ മന്ത്രി വി.എസ്. ശിവകുമാര്‍ എത്തി പൈപ്പ് പൂര്‍ണമായും മാറ്റിസ്ഥാപിക്കാന്‍ നടപടി സ്വീകരിക്കാമെന്ന് ഉറപ്പു നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് അറ്റകുറ്റപ്പണി ഉച്ചകഴിഞ്ഞ് ആരംഭിച്ചത്.  രണ്ടു പൈപ്പുകള്‍ മാറ്റിസ്ഥാപിക്കണം.  ആദ്യം പൊട്ടിയ പൈപ്പ് കൂടം ഉപയോഗിച്ചു പൊട്ടിച്ചുമാറ്റിയ ശേഷമേ മൈല്‍ഡ് സ്റ്റീല്‍ പൈപ്പ് സ്ഥാപിക്കാന്‍ കഴിയൂ.  രണ്ടു ദിവസമെങ്കിലും ഇതിനായി വേണ്ടിവരുമെന്നാണു കണക്കുകൂട്ടല്‍.  ഇന്ന് ഉച്ചയോടെ അറ്റകുറ്റപ്പണി തീരുമെന്ന  വാട്ടര്‍ അതോറിറ്റിയുടെ വാഗ്ദാനം എത്രത്തോളം ഫലപ്രദമാകുമെന്നു കണ്ടറിയണം.  മൂന്നു ദിവസങ്ങളില്‍ തുടര്‍ച്ചയായി പൈപ്പ് പൊട്ടുന്നതു കാരണം  നാലു ലക്ഷത്തോളം രൂപ അറ്റകുറ്റപ്പണിക്കായി തന്നെ വാട്ടര്‍ അതോറിറ്റിക്കു ചെലവു വരുമെന്നു കണക്കാക്കുന്നു.

വീടു തകര്‍ന്നവരെ സമാധാനിപ്പിക്കാന്‍ 25,000 രൂപ!
വെള്ളത്തിന്റെ ശക്തമായ ഒഴുക്കില്‍ വീട് തകര്‍ന്നവര്‍ക്കു വാട്ടര്‍ അതോറിറ്റി 25,000 രൂപ അടിയന്തര സഹായം പ്രഖ്യാപിച്ചു.  ആറാംകല്ല് പാറയില്‍ വീട്ടില്‍ ഗോപാലകൃഷ്ണന്‍ ആശാരിയുടെ വീടാണു പൂര്‍ണമായും തകര്‍ന്നത്.  വീട്ടുസാധനങ്ങള്‍ വെള്ളത്തിന്റെ ഒഴുക്കില്‍ പുറത്തേക്കു തെറിച്ചു.  വീട്ടുപകരണങ്ങള്‍ പൂര്‍ണമായും നശിച്ചു.  സമീപത്തെ കടവരാന്തയില്‍ അഭയം പ്രാപിച്ചിരിക്കുകയാണു ഗോപാലകൃഷ്ണന്‍ ആശാരിയുടെ കുടുംബം.

ഇദ്ദേഹത്തിന്റെ ഭാര്യാപിതാവിനു കാലില്‍ പരുക്കേറ്റു.  ഒഴുക്കില്‍ നിന്നു രക്ഷപ്പെടാനായി രണ്ടു കാലും തകര്‍ന്ന വിശ്വനാഥനെ പുറത്തേക്ക് എത്തിക്കുന്നതിനിടെ വിശ്വനാഥനു പരുക്കേല്‍ക്കുകയായിരുന്നു.  വിശ്വനാഥനെ പേരൂര്‍ക്കട ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.  അഭി  നിവാസില്‍ മോഹനന്‍ ആശാരിയുടെ ഇരുനില വീടിന്റെ പാരപ്പറ്റ് ഇടിഞ്ഞുവീണു.  സമീപത്തെ രവീന്ദ്രന്‍ ആശാരി, രാജേന്ദ്രന്‍ എന്നിവരുടെ വീടുകളില്‍ വെള്ളം കയറി നാശനഷ്ടമുണ്ടായി.

ഉദ്യോഗസ്ഥരെ തടഞ്ഞുവച്ചു
കാലപ്പഴക്കം ചെന്ന മുഴുവന്‍ പൈപ്പും മാറ്റിസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് അറ്റകുറ്റപ്പണിക്കെത്തിയ വാട്ടര്‍ അതോറിറ്റി ഉദ്യോഗസ്ഥരെ നാട്ടുകാര്‍ തടഞ്ഞുവച്ചു.എഡിഎം സ്ഥലത്തെത്തി നാട്ടുകാരുമായി ചര്‍ച്ച നടത്തിയെങ്കിലും ആവശ്യത്തില്‍ നിന്നു പിന്നോട്ടു പോകാന്‍ നാട്ടുകാര്‍ തയാറായില്ല.

തുടര്‍ന്നു മന്ത്രി വി.എസ്. ശിവകുമാര്‍, മേയര്‍ കെ. ചന്ദ്രിക എന്നിവരുടെ നേതൃത്വത്തില്‍ കലക്ടറേറ്റില്‍ യോഗം ചേര്‍ന്നു.  അരുവിക്കരയില്‍ നിന്നു പേരൂര്‍ക്കട വരെ പുതിയ പൈപ്പ് സ്ഥാപിക്കുന്നതിന് 60 കോടിയുടെ പദ്ധതി തയാറാക്കിയതു നടപ്പാക്കാന്‍ തീരുമാനിച്ചതായി മന്ത്രി വി.എസ്. ശിവകുമാര്‍ അറിയിച്ചു. ഒരു മാസത്തിനകം ടെന്‍ഡര്‍ വിളിക്കും. വീട് തകര്‍ന്നവര്‍ക്കു സര്‍ക്കാര്‍ വക സഹായം നല്‍കണമോയെന്നുള്ള കാര്യം പരിഗണിക്കുമെന്നും ശിവകുമാര്‍ പറഞ്ഞു.

0 comments:

Post a Comment