« NEWS UPDATES: »

Xpress Publishing via blog@xpresstvm.tk





Sunday, 4 December 2011

പുല്‍ക്കൂട്ടിലേക്ക്

മനുഷ്യത്വം നഷ്ടമാകുന്നിടത്ത് ആഘോഷങ്ങളുടെ പൊരുളും ഇല്ലാതാകും


പി.എന്‍. സുരേഷ് / (വൈസ്ചാന്‍സലര്‍, കേരള കലാമണ്ഡലം, എക്സിക്യൂട്ടീവ് ഡയറക്ടര്‍ ആറന്മുള വാസ്തുവിദ്യാ ഗുരുകുലം)


സ്നേഹത്തിലൂടെയും സഹനത്തിലൂടെയും ലോകത്തിനു പ്രകാശം പരത്തിയ ദൈവപുത്രനായ ക്രിസ്തുവിന്റെ ജന്മദിന സ്മരണയാണല്ലോ ക്രിസ്മസ്. പാപികളുടെ പാപം സ്വയം ഏറ്റെടുത്ത ഇതിഹാസപുരുഷന്‍ എന്നതിനൊപ്പം യഥാര്‍ഥ മനുഷ്യനായിരുന്നു ക്രിസ്തു. മനുഷ്യത്വമുള്ള മനുഷ്യരാകുകയെന്നതാണു ക്രിസ്മസ് ആധുനിക ലോകത്തിനു നല്കുന്ന സന്ദേശം. മനുഷ്യനായി അറിയപ്പെടാന്‍ ഇന്ന് ആരും ആഗ്രഹിക്കുന്നില്ല. പദവികളും സമൂഹത്തിലെ സ്ഥാനങ്ങളുമാണ് പലരുടെയും മുഖമുദ്ര. ഔപചാരികതയ്ക്കുവേണ്ടി ഇതാകാമെങ്കിലും മനുഷ്യനെന്ന സ്ഥായി ഭാവം നഷ്ടപ്പെടാനാകില്ല.


ക്രിസ്തു ദൈവപുത്രനായിരുന്നതിനൊപ്പം മനുഷ്യപുത്രനുമായിരുന്നു. മനുഷ്യനായി ജീവിച്ച ഉത്തമനായ ദൈവപുത്രന്‍ എന്നതാണു ക്രിസ്തുവിന്റെ ജീവിതം നല്കുന്ന തത്ത്വസംഹിത. ക്രിസ്തുവിന്റെ തിരുനാള്‍ ആഘോഷിക്കുമ്പോഴും ക്രിസ്തുമത ത്തില്‍ ആകൃഷ്ടരാകുമ്പോഴും മനുഷ്യത്വം ഉള്ളവരാകാനുള്ള സന്ദേശമാണു നമുക്കു ലഭിക്കേണ്ടത്. അയല്‍ക്കാരനെ സ്നേഹിക്കാനും മറ്റുള്ളവരുടെ വേദനകള്‍ മനസിലാക്കാനും മാപ്പുകൊടുക്കാനും കഴിയേണ്ടവനാണു മനുഷ്യന്‍. ക്രിസ്തുവിന്റെ മാനുഷിക സ്വഭാവത്തിലാണ് ഇതൊക്കെയും സാധ്യമായത്. ഉപഭോഗസംസ്കാരത്തിന്റെ പിടിയിലകപ്പെട്ട ആധുനിക ലോകത്ത് മനുഷ്യപുത്രന്മാര്‍ ഇല്ലാതായിരിക്കുന്നു. ഇതിലൂടെ ആഘോഷങ്ങള്‍ക്കും അപചയം ഉണ്ടായി. ക്രിസ്മസും ഇതേവഴിയിലാണോ എന്നു സംശയിക്കേണ്ടിയിരിക്കുന്നു. 


ആഘോഷങ്ങള്‍ അതിന് അടിസ്ഥാനമായ മൌലികമായ വിഷയങ്ങള്‍ കൂടുതല്‍ ചൈതന്യധന്യമായി ഉള്‍ക്കൊള്ളുകയും അടുത്ത തലമുറയ്ക്കു സചേതനമായി കൈമാറുകയും ചെയ്യാനുള്ളതാണ്. നിര്‍ഭാഗ്യവശാല്‍, ഇന്ന് ആഘോഷങ്ങളൊക്കെയും പൊരുളറിയാതെ ആഘോഷിച്ച് ഗോഷ്ടികളായി മാറുന്നു. ഒരു മാനവരാശിയുടെ ബൌദ്ധികമണ്ഡലത്തെ ശുദ്ധീകരിച്ച ക്രിസ്മസ് നാം കൊണ്ടാടുമ്പോള്‍ അതു സ്ഥിരബുദ്ധിയോടെ ആയിരിക്കണം. നമ്മുടെ പല ആഘോഷങ്ങളും മലയാളികള്‍ ബോധരഹിതമായാണ് ആഘോഷിക്കുന്നതെന്ന് കേരളത്തിലെ ഒരു പ്രമുഖ പൊതുമേഖലാ സ്ഥാപനം അവരുടെ റിക്കോര്‍ഡ് വില്പനയിലൂടെ പ്രബുദ്ധകേരളത്തെ അറിയിക്കാറുണ്ട്. ഇത് ആഘോഷങ്ങളോടുള്ള നിന്ദയാണ്. ആഘോഷങ്ങള്‍ പൊരുളറിഞ്ഞ് ആഘോഷിക്കാന്‍ ഈ ക്രിസ്മസ് കാലയളവ് ഉപകരിക്കട്ടെ എന്ന് ആശംസിക്കുന്നു.

0 comments:

Post a Comment