വൃശ്ചികനിലാവ് മഞ്ഞില്‍കുളിച്ച് ഈറനായി നില്‍ക്കുന്നു. തൊട്ടരികിലെ മുക്കുഴി ദേവീക്ഷേത്രനടയില്‍ ഒറ്റതിരിഞ്ഞ് ശരണം വിളികള്‍ കേട്ടുണരുമ്പോള്‍ പുലര്‍ച്ചെ നാലുമണി. ക്ഷേത്രനട തുറന്നിട്ടില്ല. പിന്നില്‍ കൊടുംകാട് മഞ്ഞില്‍മരവിച്ചു നില്‍ക്കുന്നത് ഈ വിരിപ്പന്തലില്‍ കിടന്നാല്‍ കാണാം.
കാടിനൊരു ഗന്ധമുണ്ട്. വന്യമായൊരു കറുത്ത ഗന്ധം. ഇവിടെ ഈ കാടിനുമാത്രം കര്‍പ്പൂരമെരിയുന്ന അഭൗമ സുഗന്ധമുണ്ട്. ഏതു കാടിനുമൊരു ഗീതമുണ്ട്. മരം മരത്തിലുരയുന്ന കറകറ ശബ്ദം മുതല്‍ ചെറുകിളികള്‍ തുടങ്ങി മലമുഴക്കി വേഴാമ്പല്‍ വരെ ചേരുന്ന ജുഗല്‍ബന്ദി സംഗീതം. ഈ കാടിന് ശരണം വിളിയുടെയും അകതാരിലെ മന്ത്രങ്ങള്‍ ശ്വാസനിശ്വാസങ്ങളാകുന്ന ഭക്തരുടെ അലൗകിക സംഗീതം കൂടെയുണ്ട്.
മനുഷ്യനും പ്രകൃതിയും സമഞ്ജസമായി ഈശ്വരനായി വിലയമാകുന്ന അപൂര്‍വ്വതയുമിവിടുണ്ട്. സ്വാമിയാകുംമുമ്പ് അയ്യപ്പനെന്ന യോദ്ധാവ് പടയോട്ടം നടത്തിയ കുന്നും കാടും മേടുമാണിത്. അയ്യപ്പന്റെ പൂങ്കാവനം. നൂറ്റാണ്ടുകളിലൂടെ അനേകലക്ഷങ്ങള്‍ ചവിട്ടിത്തെളിച്ച കാനാനപാതയാക്കിയ ഒറ്റയടിപ്പാത. കാനനപാതയിലെ ഏകദേശ മദ്ധ്യമായ ഇടത്താവളമാണ് മുക്കുഴി. കൊടുംവനത്തിലെ ചെറിയൊരു ജനവാസകേന്ദ്രവും.
സഹനത്തിന്റെയും ത്യാഗത്തിന്റെയും ശബരിമല തീര്‍ത്ഥാടനത്തില്‍ മൂന്ന് കയറ്റങ്ങളാണ് ഉണ്ടായിരുന്നത്. അഴുതമേട്, കരിമല, നീലിമല എന്നിവ. എരുമേലിയില്‍നിന്ന് പമ്പവഴി അമ്പത് കിലോമീറ്റര്‍ ഘോരവനയാത്രയായി മൂന്നും നാലും ദിനങ്ങള്‍ നടന്ന് ദര്‍ശനപ്രസാദം നേടിയിരുന്നത് എത്രയോ ആയിരങ്ങള്‍. തിരിച്ചും ഇത്രതന്നെ നടപ്പ്. ആഴ്ചകള്‍ നീളുന്ന കാനനവാസം. ഇരുമുടിക്കെട്ടും തോള്‍സഞ്ചിയുമായി ഇറങ്ങിപ്പുറപ്പെടുന്നവരുടെ തിരിച്ചുവരവ് അനിശ്ചിത മായിരുന്ന കാലം. വനത്തോടും വന്യജീവിയോടും നേരിടാന്‍ ചുണ്ടില്‍ ശരണമന്ത്രങ്ങള്‍ മാത്രം. എന്നാല്‍ കുറേക്കാലമായി ആദ്യത്തെ രണ്ട് കയറ്റങ്ങളും ബഹുഭൂരിഭാഗം തീര്‍ത്ഥാടകരുടെയും യാത്രയില്‍നിന്ന് നീങ്ങിപ്പോയി.
എരുമേലിയില്‍നിന്ന് ഇരുപത്തിരണ്ടുകിലോമീറ്ററോളം ദൂരത്തില്‍ തെളിച്ചെടുത്ത റോഡ് ഭക്തരെ ഇപ്പോള്‍ മണിക്കൂറുകള്‍ക്കുള്ളില്‍ പമ്പയിലെത്തിക്കുന്നു. ശബരിഗിരി ജലവൈദ്യുതപദ്ധതിക്കുവേണ്ടിയാണ് റോഡ് ആദ്യകാലത്ത് നിര്‍മ്മിച്ചതെങ്കിലും ശബരിമലയിലേക്കുള്ള യാത്രാസൗകര്യം പ്രദാനം ചെയ്തു. മണ്ഡലകാലത്ത് മാത്രം ഓരോദിനവും പതിനായിങ്ങളാണ് അയ്യപ്പദര്‍ശനത്തിനെത്തുന്നത്; മകരവിളക്കിന് ലക്ഷങ്ങള്‍ കവിയും.
പമ്പയില്‍വരെ വാഹനങ്ങളിലെത്തുന്ന ഭക്തര്‍ക്ക് പിന്നെ പ്രധാന കടമ്പ നീലിമല മാത്രം. പമ്പയില്‍ നിന്ന് സന്നിധാനത്തേക്ക് അഞ്ച് കിലോമീറ്റര്‍. നീലിമല കയറ്റം പലപ്പോഴും ക്ഷീണമേകുമ്പോള്‍ അറിയാതെ വിളിച്ചുപോകുന്നത് കരിമലകയറ്റം കഠിനമെന്റയ്യപ്പാ എന്നാണെന്നു മാത്രം. എങ്കിലും പ്രകൃതിയോടും പ്രപഞ്ചത്തോടും സമന്വയം നേടി ഇന്നും കാനനപാത താണ്ടി മാത്രം പതിവായി ദര്‍ശനത്തിനെത്തുന്നവര്‍ അനേകമുണ്ട്.
0 comments:
Post a Comment