« NEWS UPDATES: »

Xpress Publishing via blog@xpresstvm.tk





Sunday, 4 December 2011

ധനുഷിന്റെ 'ടംഗ്ലീഷ് കൊലവെറി'




നിരാശാകാമുകന്മാര്‍ക്കായുള്ള ധനുഷിന്റെ 'ബാത്ത്‌റൂം സോങ്' ചരിത്രം സൃഷ്ടിക്കുകയാണ്.''വൈ ദിസ് കൊലവെറി, ഡീ?'' എന്ന ചോദ്യം ലോകമെമ്പാടുമുള്ള യുവജനങ്ങള്‍ ഏറ്റെടുത്തതോടെ, സ്രഷ്ടാക്കളെപ്പോലും അമ്പരപ്പിച്ചുകൊണ്ട് കുതിക്കുകയാണ് ഈ ഗാനം.പുറത്തിറങ്ങി ഒരാഴ്ചയ്ക്കകം ലോകസംഗീതപ്പട്ടികയില്‍ മൂന്നാംസ്ഥാനത്തെത്താന്‍ ഈ ഗാനത്തിനുകഴിഞ്ഞു.ഭാര്യ ഐശ്വര്യ സംവിധാനം ചെയ്യുന്ന '3' എന്ന തമിഴ് ചിത്രത്തിനുവേണ്ടിയാണ് ധനുഷ് ഈ പാട്ടുപാടിയത്.ചിത്രത്തിലെ നായകനായ അദ്ദേഹം തന്നെയാണ് ഗാനരചന നിര്‍വഹിച്ചതും.ഐശ്വര്യധനുഷ് ആദ്യമായി സംവിധാനം ചെയ്യുന്ന ചലച്ചിത്രമാണ് '3'.21 വയസ്സുമാത്രമുള്ള അനിരുദ്ധ് രവിചന്ദര്‍ എന്ന സംഗീതസംവിധായകന്റെ അരങ്ങേറ്റം അതിഗംഭീരമാകുകയും ചെയ്തു ഈ ഗാനത്തിലൂടെ.

ഇന്റര്‍നെറ്റില്‍ പ്രത്യക്ഷപ്പെട്ട് ആറുദിവസത്തിനകം 20 ലക്ഷം പേരാണ് ഈ ഗാനം ആസ്വദിച്ചത്.ഒരാഴ്ച പിന്നിട്ടപ്പോഴേക്കും, യുട്യൂബില്‍ സോണിമ്യൂസിക് അപ്‌ലോഡ് ചെയ്ത വീഡിയോ മാത്രം 30 ലക്ഷത്തോളം പേര്‍ കണ്ടു.ഫേസ്ബുക്കില്‍ 10ലക്ഷത്തിലേറെപ്പേര്‍ ഈ ഗാനത്തിന്റെ ആരാധകരായുണ്ട്.ട്വിറ്റര്‍ ഉള്‍പ്പെടെയുള്ള മറ്റ് സോഷ്യല്‍നെറ്റ്‌വര്‍കിങ് സെറ്റുകളില്‍ 'കൊലവെറി'ക്കൊപ്പം സഞ്ചരിക്കുന്നവര്‍ വേറെയും. മൊബൈല്‍ഫോണ്‍ റിങ്‌ടോണായും റേഡിയോ, ടെലിവിഷന്‍ ചാനലുകള്‍ വഴിയും ഗാനം അതിദ്രുതം പ്രിയങ്കരമായിക്കൊണ്ടിരിക്കുകയാണ്.സ്റ്റുഡിയോയില്‍ ഈ ഗാനം റെക്കോഡ് ചെയ്തതിന്റെ വീഡിയോയാണ് ഇപ്പോള്‍ പ്രചരിക്കുന്നത്.

നിരാശാകാമുകന്റെ വികാരം പൂര്‍ണമായും ഉള്‍ക്കൊള്ളും മട്ടിലുള്ള ധനുഷിന്റെ ആലാപനം ആദ്യകേള്‍വിയില്‍ത്തന്നെ ശ്രോതാക്കളെ കീഴ്‌പ്പെടുത്തുന്നു.പ്രണയനൈരാശ്യം വന്ന നായകന്‍ പാടുന്നമട്ടിലൊരു ഗാനമൊരുക്കാനാണ് സംഗീതസംവിധായകനോട് സംവിധായിക ആവശ്യപ്പെട്ടത്.തമാശനിറഞ്ഞ, ലളിതമായൊരു പാട്ടാണ് ഐശ്വര്യ ലക്ഷ്യമിട്ടത്.പത്തുമിനിട്ടിനകം അനിരുദ്ധ് ഈണമിട്ടു.ഇരുപതുമിനിട്ടുകൊണ്ട് ധനുഷ് വരികളെഴുതുകയും ചെയ്തു.പ്രണയത്താല്‍ മുറിവേറ്റ് ഹൃദയം തകരുന്ന അനുഭവം അത്രമേല്‍ പരിചിതമായതുകൊണ്ടും സംഗീതവും വരികളും ഏറ്റവും ലളിതവും രസകരവുമായിരിക്കുന്നതുകൊണ്ടും 'കൊലവെറി'യെ യുവജനങ്ങള്‍ ഏറ്റെടുക്കാന്‍ താമസമുണ്ടായില്ല.

തമിഴും ഇംഗ്ലീഷും ഇടകലര്‍ത്തിക്കൊണ്ടുള്ള 'ടംഗ്ലീഷി'ലാണ് ഈ പാട്ടെന്നത് ഇതിന്റെ സ്വീകര്യതയ്ക്ക് വേഗംകൂട്ടി.അതുകൊണ്ട്, തമിഴ് പരിചയമില്ലാത്തവര്‍ക്കുകൂടി ഇതിലെ വൈകാരികത ഉള്‍ക്കൊള്ളാന്‍ എളുപ്പം കഴിഞ്ഞു.പാട്ടിന്റെ രസികത്തം കൂട്ടാനും ഈ 'ടംഗ്ലീഷ്' മട്ട് ഉപകരിച്ചിട്ടുണ്ട്.പ്രണയഭംഗംവന്ന പാവം നായകന്റെ പരിദേവനങ്ങളാണീ പാട്ടിന്റെ ഉള്ളടക്കം.നിരാശാകാമുകന്മാര്‍ക്കുവേണ്ടി പ്രണയഭംഗഗാനം പാടാന്‍പോകുന്നുവെന്നൊരാമുഖത്തോടെയാണ് തുടക്കം.''എന്നെക്കൊല്ലാനുള്ള ഹാലിളക്കമെന്തിനാണെ''ന്ന് കാമുകിയോടു ചോദിക്കുന്ന ഗാനം പിന്നീട്, സുഹൃത്തിനോടുള്ള സംഭാഷണവും സംഗീതനിര്‍ദേശവുമൊക്കെയായി പുരോഗമിക്കുന്നു.'വൈറ്റ് സ്‌കിന്ന് ഗേള്', 'ഗേള് ഹാര്‍ട്ട് ബ്ലാക്ക്' എന്നിങ്ങനെയാണ് തന്നെ നിരസിച്ച നായികയെക്കുറിച്ചുള്ള വിവരണം.''കയ്യില് ഗ്ലാസ്സ്'' എന്ന മട്ടില്‍, പാട്ടിനിടയില്‍ അറിയാതെ തമിഴ് കടന്നുവരുമ്പോള്‍, ''ഓണ്‍ലി ഇംഗ്ലീഷ്'' എന്നു പറഞ്ഞ്,''ഹാന്‍ഡില് ഗ്ലാസ്സ്'' എന്നു തിരുത്തിക്കൊണ്ട് മുന്നേറുന്നതൊക്കെ ആസ്വാദകര്‍ക്ക് നന്നായി രസിച്ചിട്ടുണ്ടെന്നാണ് പ്രതികരണങ്ങളില്‍നിന്നു തെളിയുന്നത്.'ഐസ് ഫുള്ളാ ടിയറ്','എംടി ലൈഫ്','ലൈഫ് റിവേഴ്‌സ്ഗിയറ്' എന്നിങ്ങനെയാണ് സ്വന്തം അവസ്ഥയെക്കുറിച്ച് നായകന്‍ വിവരിക്കുന്നത്.

അനധികൃതമായാണ് ഈ ഗാനം ഇന്റര്‍നെറ്റില്‍ തുടക്കത്തില്‍ പ്രചരിച്ചിരുന്നത്.അതിന്റെ സ്വീകാര്യത തിരിച്ചറിഞ്ഞതോടെ ഔദ്യോഗികമായി പുറത്തിറക്കാന്‍ തീരുമാനിക്കുകയായിരുന്നു.ടെസ്റ്റ്‌ഡോസെന്ന നിലയില്‍ പാട്ടുമായി ബന്ധമുള്ളവര്‍ തന്നെയാവുമോ അനധികൃതമായി പ്രചരിപ്പിച്ചതെന്ന സംശയം ചിലരൊക്കെ ഉന്നയിക്കുന്നുണ്ട്.ഏതായാലും പാട്ട് ലോകം കീഴടക്കുന്നതില്‍ സംഗീതസംവിധായകനും ഗായകനും സംവിധായികയുമൊക്കെ വളരെ സന്തുഷ്ടരാണ്.ജനവരിയില്‍ പുറത്തിറങ്ങാന്‍ ലക്ഷ്യമിടുന്ന '3' എന്ന ചിത്രത്തിന് ഈ ഗാനം കാരണം വലിയ വരവേല്പുണ്ടാകുമെന്നും അവര്‍ പ്രതീക്ഷിക്കുന്നുണ്ട്.ശ്രുതിഹാസന്‍ നായികയാവുന്ന ഈ ചിത്രം നിര്‍മിക്കുന്നത് ധനുഷിന്റെ അച്ഛന്‍ കസ്തൂരിരാജയാണ്.ഏഴുഗാനങ്ങളാണ് '3'ലുള്ളത്.ധനുഷ് തന്നെയാണ് എല്ലാഗാനങ്ങളും രചിച്ചതെന്ന പ്രത്യേകതയുമുണ്ട്.ധനുഷും ശ്രുതിയും ഒന്നിക്കുന്ന യുഗ്മഗാനവും ഇതില്‍പ്പെടുന്നു.പുറത്തുവന്ന ഒരുഗാനം ഇത്രവലിയ ഹിറ്റാവുമ്പോള്‍ വരാനിരിക്കുന്നവയില്‍ എന്തൊക്കെ അതിശയമാവും ഉണ്ടായിരിക്കുകയെന്നറിയാനാണ് ആരാധകര്‍ കാത്തിരിക്കുന്നത്. 

അജിത്കുമാര്‍ കെ.കെ

0 comments:

Post a Comment