'കൊലവെറിപ്പാട്ട്' പ്രണയഭംഗത്തിനെ കോമഡിയാക്കിത്തീര്‍ക്കുന്നുവെന്നതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം.ഭഗ്നപ്രണയങ്ങളെ അത്യുദാത്തമായി ആഘോഷിച്ചുപോന്നൊരു നാട്ടില്‍, അതിനെ കീഴ്‌മേല്‍മറിച്ചൊരു സംഗതി ഇത്രമേല്‍ സ്വീകരിക്കപ്പെട്ടതെങ്ങിനെ? സിനിമയിലെ മനോഹരവരികളേറെയും പ്രണയവുമായി ബന്ധപ്പെട്ടാണല്ലോ രചിക്കപ്പെട്ടിരിക്കുന്നത്.മലയാളികളുടെ സ്വന്തം 'മാനസമൈന'യുടെ കാര്യംതന്നെയെടുക്കുക.പ്രണയം പാളിയാല്‍ പാടേണ്ട പാട്ട് അതാണെന്ന കാര്യത്തില്‍ മലയാളികള്‍ക്ക് സംശയമേതുമുണ്ടായിരുന്നില്ല ഈയടുത്തകാലം വരെ.പക്ഷേ,വേഷവിധാനവും രൂപവും പരീക്കുട്ടിയുടേതുതന്നെയാവണമെന്ന് നിര്‍ബന്ധമുണ്ടായിരുന്നില്ല.അത് ദേവദാസ്മട്ടിലാവുന്നതിലായിരുന്നു കമ്പം.
തടവാന്‍ താടി, കണ്ണില്‍ കടും ശോകം,ഉള്ളിലെ സങ്കടക്കടലിനു ബദലായി കൈയില്‍ ലഹരിതുളുമ്പും കുപ്പി-ഇമ്മട്ടിലൊക്കെയാണ് വിഷാദകാമുകന്മാര്‍ സിനിമകളില്‍ സ്വസ്ഥമായി കഴിഞ്ഞുകൂടിയിരുന്നത്.മലയാളത്തില്‍ മാത്രമല്ല, മറ്റെല്ലാ ഭാഷകളിലും ഇങ്ങനെ അതിവൈകാരികതയുടെ ഉത്തുംഗശൃംഗങ്ങളിലായിരുന്നു അക്കൂട്ടര്‍ പാര്‍പ്പുറപ്പിച്ചിരുന്നത്.ഈ സങ്കടമൊക്കെ സിനിമയില്‍ കണ്ട് കണ്ണീരൊഴുക്കുന്നവര്‍ പോലും നിത്യജീവിതത്തില്‍ ഇമ്മാതിരി സീനിനുമുമ്പില്‍പ്പെട്ടാല്‍ ചിരിച്ചുകുഴഞ്ഞുപോകാറാണ് പതിവ്.കണ്ടുനില്‍ക്കുന്നവര്‍ക്ക് തമാശയാകുന്നൊരു സംഗതി മാത്രമാണ് ഭഗ്നപ്രണയം എന്നര്‍ഥം.അതിനെ വൈകാരികമലവെള്ളപ്പാച്ചിലില്‍ കുളിപ്പിച്ചെടുത്ത്, പശ്ചാത്തലസംഗീതവും ഫ്ലാഷ്ബാക്ക്ദൃശ്യങ്ങളും സഹിതം വെള്ളിത്തിരയില്‍ കാട്ടിത്തരുമ്പോള്‍ പാവം കാണികള്‍ അതില്‍പെട്ടുപോകുന്നുവെന്നേയുള്ളൂ.പ്രണയനിരാസത്തിന്റെ കയ്പ് അനുഭവിക്കാത്തവര്‍ അപൂര്‍വമായിരിക്കുമെന്നതിനാല്‍, സ്‌ക്രീനിലെ താരത്തിന്റെ അവസ്ഥ തന്റേതുതന്നെയെന്ന ഐക്യപ്പെടലില്‍ ഈ സങ്കടം കുറേക്കൂടി യഥാര്‍ഥമെന്നു തോന്നുന്നത് സ്വാഭാവികം.എങ്കിലും, ഇത്തരം പ്രണയാതിശയങ്ങളും സങ്കടക്കടലുകളുമൊന്നും ഇക്കാലത്തെ ചലച്ചിത്രങ്ങളില്‍ അത്രയേറെ കാണാനാവില്ല.പ്രണയഭംഗത്തിന് അര്‍ഹിക്കുന്നതില്‍ കവിഞ്ഞ പ്രാധാന്യമില്ലെന്ന നിലപാടെടുക്കുന്ന സിനിമകള്‍ പലതും വന്നുകഴിഞ്ഞു.ഭഗ്നപ്രണയത്തിന് അഭൗമപരിവേഷം നല്‍കിയാല്‍ ഇക്കാലത്ത് ചിരിയാണുണ്ടാവുകയെന്നും പല സിനിമകളും തെളിയിച്ചു.എങ്കിലും, തകര്‍ന്നപ്രണയത്തെ ആഘോഷമാക്കുന്ന പാട്ടിന് ഇത്രമേല്‍ സ്വീകാര്യത കിട്ടുന്നത് പുതിയൊരു കാര്യമാണ്.
മെലഡിയുടെ ശത്രുവെന്ന മട്ടില്‍ 'കൊലവെറി'പ്പാട്ടിനെ ചിത്രീകരിക്കുന്ന വാദങ്ങള്‍ ഇന്‍ര്‍നെറ്റ്ചര്‍ച്ചകളില്‍ പലരും ഉന്നയിക്കുന്നുണ്ട്.വാസ്തവത്തില്‍, അത്രയ്‌ക്കൊക്കെ അപകടമുണ്ടോ?'സന്യാസിനീ നിന്‍ പുണ്യാശ്രമത്തില്‍' എന്നോ 'മംഗളം നേരുന്നു ഞാന്‍' എന്നോ 'സുമംഗലീ നീ ഓര്‍മിക്കുമോ' എന്നോ ഒക്കെ മെലഡിയില്‍ മുങ്ങിപ്പൊങ്ങിയിരുന്നൊരു പുഷ്‌കലകാലത്തെക്കുറിച്ചോര്‍ത്ത് നേടുവീര്‍പ്പിടാനേ കഴിയൂ എന്ന സ്ഥിതിയാണോ 'കൊലവെറി'യുടെ സ്വീകാര്യത കാരണം ഉണ്ടായിരിക്കുന്നത്? 'അരികില്‍ നീ ഉണ്ടായിരുന്നെങ്കില്‍' എന്നൊന്നു മൂളിപ്പോയാല്‍ പരിഹാസം നിറഞ്ഞ നോട്ടങ്ങള്‍ നീളുമെന്നു പേടിക്കേണ്ടി വരുമോ?ശത്രുതാമട്ടില്‍ സമീപിക്കാനുള്ള കുഴപ്പമൊന്നും 'കൊലവെറി'പ്പാട്ടിനില്ല.
0 comments:
Post a Comment