Xpress Publishing via blog@xpresstvm.tk
Tuesday, 13 December 2011
താണ്ഡവമാടി ജലഭീകരന്‍
Posted on: 13-Dec-2011 06:57 AM
തിരു: മുല്ലപ്പെരിയാര്‍ പൊട്ടിയാലുള്ള ഭീകരതയെക്കുറിച്ച് ഇത്രനാളും കേട്ടറിഞ്ഞ അനുഭവമേ പുരവൂര്‍ക്കോണത്തുകാര്‍ക്ക് ഉണ്ടായിരുന്നുള്ളൂ. ഞായറാഴ്ച രാത്രി തലസ്ഥാന നഗരിയിലേക്കുള്ള പ്രധാന പൈപ്പ്ലൈന്‍ ഉഗ്രസ്ഫോടനത്തോടെ പൊട്ടിയൊഴുകിയപ്പോള്‍ "മുല്ലപ്പെരിയാര്‍ ഭീതി" എന്തെന്ന് പുരവൂര്‍ക്കോണത്തുകാരും നേരിട്ടറിഞ്ഞു. ഒരു പൈപ്പ്ലൈന്‍ പൊട്ടി കുത്തിയൊലിച്ചപ്പോള്‍ ജലഭീകരന്‍ താണ്ഡവമാടിയത് ഇങ്ങനെയെങ്കില്‍ മുല്ലപ്പെരിയാര്‍ പൊട്ടിയാല്‍ എന്താകുമെന്നാണ് ഒരു നിമിഷം പ്രദേശവാസികള്‍ ചിന്തിച്ചത്. ജീവനും ഉടുതുണിയുമൊഴികെ എല്ലാം കവര്‍ന്നെടുത്ത് ജലഭീകരന്‍ അവരുടെ സര്‍വസ്വവും കിള്ളിയാറിലേക്ക് എടുത്തെറിയുകയായിരുന്നു. നാടൊന്നടങ്കം വിറങ്ങലിച്ചുപോയ നിമിഷങ്ങള്‍ . പുരവൂര്‍ക്കോണത്തെ നിരവധി കുടുംബങ്ങളെ വഴിയാധാരമാക്കിക്കൊണ്ട് അരുവിക്കര ജലസംഭരണിയില്‍ നിന്നു നഗരത്തിലേക്കുള്ള പ്രധാന പൈപ്പ്ലൈന്‍ പൊട്ടിയൊഴുകിയത് ഞായറാഴ്ച രാത്രി പത്തരയോടെയാണ്. എന്താണ് സംഭവിക്കുന്നതെന്ന് തിരിച്ചറിയുംമുമ്പ് എല്ലാം കുത്തിയൊലിച്ച് റോഡിനപ്പുറത്ത് കിള്ളിയാറില്‍ പതിച്ചു. വീടുകള്‍ക്ക് ഉള്ളിലൂടെയും ടെറസുകളിലൂടെയും കുതിച്ചെത്തിയ ജലപ്രവാഹത്തിനിടെ പുറത്തേക്കു പാഞ്ഞവര്‍ രക്ഷപ്പെട്ടത് ഭാഗ്യം കൊണ്ടുമാത്രം. ആശാരിവിളാകത്ത് വീട്ടില്‍ മോഹനന്‍ , പാറയില്‍ വീട്ടില്‍ മുരുകന്‍ , പാറയില്‍ വീട്ടില്‍ ഗോപാലകൃഷ്ണന്‍ എന്നിവരുടെ വീടുകളാണ് തകര്‍ന്നടിഞ്ഞത്. സമീപത്തെ രാജേന്ദ്രന്‍ എന്ന ആളുടെ കടയ്ക്കും മുരളി എന്ന ആളുടെ വര്‍ക്ഷോപ്പിനും കേടുപറ്റി. ഇരുകാലും മുറിച്ച് കിടപ്പിലായിരുന്ന ഗോപാലകൃഷ്ണന്റെ ഭാര്യാപിതാവ് വിശ്വനാഥനെ നാട്ടുകാരും ബന്ധുക്കളും ചേര്‍ന്ന് ജലപ്രവാഹത്തിനുള്ളിലൂടെ പുറത്തെത്തിച്ച് രക്ഷപ്പെടുത്തുകയായിരുന്നു. മണിക്കൂറുകള്‍ കഴിഞ്ഞാണ് അധികൃതര്‍ പമ്പിങ് നിര്‍ത്തിവച്ചത്. ഈ ഭാഗത്തെ ചോര്‍ച്ച സംബന്ധിച്ച് മാസങ്ങള്‍ക്കു മുമ്പ് നാട്ടുകാര്‍ ജല അതോറിറ്റി അധികൃതര്‍ക്ക് പരാതി നല്‍കിയിട്ടും നടപടി സ്വീകരിക്കുന്നതില്‍ കാട്ടിയ കുറ്റകരമായ അനാസ്ഥയാണ് ഇത്രയും വലിയ നഷ്ടത്തിലേക്ക് വഴിവച്ചത്.
0 comments:
Post a Comment