« NEWS UPDATES: »

Xpress Publishing via blog@xpresstvm.tk





Saturday, 3 December 2011

കുരുന്ന് പ്രതിഭകള്‍ ദേശീയ ബാലശാസ്ത്രകോണ്‍ഗ്രസ്സിലേക്ക്



കിളിമാനൂര്‍: കളിമണ്‍ പാത്രവ്യവസായത്തെക്കുറിച്ചുള്ള പഠനറിപ്പോര്‍ട്ടുമായി പേരൂര്‍ എം.എം. യു.പി.സ്‌കൂളിലെ അഞ്ച് കുരുന്നു പ്രതിഭകള്‍ക്ക് ദേശീയബാലശാസ്ത്ര കോണ്‍ഗ്രസ്സില്‍ പങ്കെടുക്കാന്‍ അവസരം. ഏഴാംക്ലാസ് വിദ്യാര്‍ഥികളായ വൈഷ്ണവി, ആദിത്യ എസ്. വിജയ, നജ്മ, നന്ദു, നിഖില്‍ജിത്ത് എന്നിവരാണ് പഠനസംഘത്തിലുള്ളത്.

28നും 29നും കൊല്ലത്തു നടന്ന സംസ്ഥാന ബാലശാസ്ത്രകോണ്‍ഗ്രസില്‍ ഇവര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട് തിരഞ്ഞെടുക്കപ്പെട്ടതിനെ തുടര്‍ന്നാണ് പുതിയ അവസരം കിട്ടിയത്.

അധ്യാപികയായ ദീപാറാണിയുടെ മേല്‍നോട്ടത്തില്‍ മൂന്നുമാസം അത്യധ്വാനംചെയ്താണ് കുട്ടികള്‍ തങ്ങളുടെ നിഗമനങ്ങളിലും കണ്ടെത്തലുകളിലും എത്തിച്ചേര്‍ന്നത്.

മടവൂര്‍ പഞ്ചായത്തിലെ കളിമണ്‍പാത്ര വ്യവസായം നേരിടുന്ന പ്രതിസന്ധികളെക്കുറിച്ച് പഠിക്കാനിറങ്ങിയ കുട്ടികള്‍ കളിമണ്‍പാത്രങ്ങളുടെയും ഇഷ്ടികയുടെയും സ്വഭാവങ്ങള്‍ തമ്മിലുള്ള താരതമ്യപഠനത്തിലേക്ക് നീങ്ങി. മടവൂര്‍ പഞ്ചായത്തില്‍ കളിമണ്‍പാത്ര നിര്‍മാണം നടന്നിരുന്ന മേഖലകളില്‍ സര്‍വേ നടത്തുകയായിരുന്നു ആദ്യ നടപടി.

സര്‍വേയില്‍ കുട്ടികള്‍ കണ്ടെത്തിയ വസ്തുതകള്‍ ചൂണ്ടിക്കാട്ടി ഈ വ്യവസായത്തെ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് ഇവര്‍ ഗ്രാമപ്പഞ്ചായത്തിനും ജില്ലാ പഞ്ചായത്തിനും നിവേദനം നല്‍കി. കേന്ദ്ര മണ്ണ് പരിശോധനാകേന്ദ്രത്തിന്റെ സഹായത്തോടെ മണ്ണ്പഠനവിധേയമാക്കി.

ചൂളകളുടെ പ്രത്യേകത, മണ്ണ് ചുട്ടെടുക്കുമ്പോഴുള്ള മാറ്റങ്ങള്‍ എന്നിവയും പഠിച്ചശേഷമാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്.

ദേശീയ ബാലശാസ്ത്രകോണ്‍ഗ്രസ്സില്‍ പങ്കെടുക്കാന്‍ ഈ കുട്ടികള്‍ രാജസ്ഥാനിലേക്ക് വണ്ടികയറുമ്പോള്‍ ഈ ചെറുഗ്രാമം ഒരു ചരിത്രമുഹൂര്‍ത്തത്തിന് സാക്ഷിയാകും. ഈ മാസം 27 മുതല്‍ 30 വരെ ജയ്പുരിലാണ് ബാലശാസ്ത്രകോണ്‍ഗ്രസ്.

പ്രഥമാധ്യാപകന്‍ എം.ഐ. അജികുമാര്‍, പി.ടി.എ. പ്രസിഡന്റ് എം.എം.താഹ എന്നിവര്‍ തങ്ങളുടെ എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും നേതൃത്വവും ആവശ്യമായ എല്ലാ സഹായങ്ങളും നല്‍കുന്നതായി കുട്ടികള്‍ പറഞ്ഞു.

0 comments:

Post a Comment