« NEWS UPDATES: »

Xpress Publishing via blog@xpresstvm.tk





Saturday 3 December 2011

തെരുവിലൊരു ശോകഗാനം




തിരുവനന്തപുരം: വിധിയെ അതിന്റെ പാട്ടിനുവിട്ട് ആത്മവിശ്വാസത്തിന്റെ മൈക്ക് കൈയിലെടുത്തതാണ് റൊണാള്‍ഡ്. ശംഖുംമുഖം തീരത്തും കാഴ്ചബംഗ്ലാവിന്റെ തണലിലുമൊക്കെ പാട്ടിന്റെ മുച്ചക്രവണ്ടിയുമായെത്തുന്ന റൊണാള്‍ഡിന്റെ ജീവിതത്തിന് പക്ഷേ സംഗീതത്തിന്റെ മധുരമില്ല; സഹനത്തിന്റെ കയ്പുമായാണ് ഈ ഗായകന്‍ തെരുവിലിറങ്ങുന്നത്. സ്വന്തമായൊരു കിടപ്പാടം എന്ന കിനാവുമായി തെരുവില്‍ പാടുകയാണ് റൊണാള്‍ഡ്.

വെട്ടുകാട് ബാലനഗര്‍ കോളനിയിലെ വാടകവീട്ടിലാണ് റൊണാള്‍ഡും കുടുംബവും താമസം. പോളിയോബാധിച്ച് രണ്ടു കാലുകളും തളര്‍ന്ന റൊണാള്‍ഡിന്റെ തൊഴില്‍ വാച്ച്‌നന്നാക്കലായിരുന്നു. കാലം മാറിയപ്പോള്‍ പണി കുറഞ്ഞു. 'സമയം' മോശമായതോടെ മറ്റു പല പണികളും തേടിയിറങ്ങിയെങ്കിലും ആരോഗ്യം പ്രശ്‌നമായി. സംഗീതമൊന്നും അഭ്യസിച്ചിട്ടില്ലെങ്കിലും ഒടുവില്‍ പാട്ടുമായി തെരുവിലിറങ്ങാന്‍ തീരുമാനിക്കുകയായിരുന്നു. മൂന്നുവര്‍ഷത്തിലേറെയായി നഗരത്തിലെ തിരക്കുള്ള സ്ഥലങ്ങളില്‍ ഇദ്ദേഹം ഓട്ടോറിക്ഷയില്‍ കെട്ടിവെച്ചമൈക്ക് സെറ്റുമായി പാട്ടുപാടുന്നു. ഈ സംഗീതപരിപാടിക്കുമുണ്ട് ഒരു പ്രത്യേകത; വയലാര്‍-ദേവരാജന്‍ കൂട്ടുകെട്ട് മലയാളത്തിന് സമ്മാനിച്ച പാട്ടുകള്‍ മാത്രമേ ഇദ്ദേഹം പാടൂ. അവരോടുള്ള ആരാധനതന്നെ കാരണം. ആട്ടോറിക്ഷയുടെ പേരിങ്ങനെ-'ഗന്ധര്‍വഗാനം'. ഭാര്യ മെഴ്‌സിയും സ്‌കൂള്‍ വിദ്യാര്‍ഥികളായ ജോമോള്‍, ജിതിന്‍ എന്നീ മക്കളുമടങ്ങിയതാണ് കുടുംബം. പാട്ടുകേട്ട് ചുറ്റുംകൂടുന്നവര്‍ നല്‍കുന്ന പണം പലപ്പോഴും ദിവസച്ചെലവുകള്‍ക്ക് പോലും തികയില്ല. നല്ലൊരുജോലി, സ്വന്തമായൊരു വീട്, മക്കളുടെ പഠനം - സ്വപ്നങ്ങള്‍ പലതിങ്ങനെ കൂട്ടിവെച്ചുകൊണ്ടാണ് ഈ ഗൃഹനാഥന്‍ മലയാളത്തിന്റെ പ്രിയ ഗാനങ്ങള്‍ കണ്ഠമിടറാതെ പാടുന്നത്.

0 comments:

Post a Comment