« NEWS UPDATES: »

Xpress Publishing via blog@xpresstvm.tk





Sunday 4 December 2011

'പൂജപ്പുര ചപ്പാത്തി' റെഡി; രണ്ടു രൂപ മാത്രം


തിരുവനന്തപുരം : 'നല്ലായിറുക്ക് -തമിഴ് സൂപ്പര്‍ സ്റ്റാര്‍ ചേരന്റെ കമന്റ് നടി മുക്തയും തലകുലുക്കി സമ്മതിച്ചു. പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ നിര്‍മിച്ച ചപ്പാത്തി രുചിച്ച ശേഷമായിരുന്നു ഇരുവരുടെയും ഗുഡ് സര്‍ട്ടിഫിക്കറ്റ്. ഇനി മുതല്‍ തലസ്ഥാനവാസികള്‍ക്കു രണ്ടു രൂപയ്ക്ക് 30 ഗ്രാം വലിപ്പമുള്ള നല്ല ചപ്പാത്തി കഴിക്കാം. അഞ്ചെണ്ണം അടങ്ങുന്ന പത്തു രൂപയുടെ പായ്ക്കറ്റാണു വിപണിയിലിറക്കിയത്.

നക്ഷത്ര ഹോട്ടലിലെ അടുക്കളയെ വെല്ലുന്ന ശുചിത്വത്തിലാണ് ഇവിടെ ചപ്പാത്തി നിര്‍മിക്കുന്നത്. 2.64 ലക്ഷം രൂപയുടെ യന്ത്രത്തിലാണു ചപ്പാത്തി നിര്‍മിക്കുന്നത്. മണിക്കൂറില്‍ രണ്ടായിരത്തിലേറെ ചപ്പാത്തി ഈ യന്ത്രത്തില്‍ ഉണ്ടാക്കാം. മുന്തിയ ഹോട്ടലുകളിലെ ഷെഫുമാരുടെ വേഷവും കയ്യുറയും മുഖംമൂടിയുമൊക്കെ ധരിച്ചാണു തടവുകാര്‍ ചപ്പാത്തി നിര്‍മിക്കുന്നത്. ജയില്‍ ചപ്പാത്തി വിപണിയില്‍ സജീവമാകുന്നതോടെ മറ്റു ചപ്പാത്തി നിര്‍മാതാക്കളും വില കുറയ്ക്കുമെന്നാണ് അധികൃതരുടെ കണക്കുകൂട്ടല്‍.

താരങ്ങളുടെ തിളക്കത്തില്‍ ഉല്‍സവാന്തരീക്ഷത്തിലാണു പൂജപ്പുര ചപ്പാത്തിയുടെ വിപണനോദ്ഘാടനം ഇന്നലെ ജയില്‍ അടുക്കള വളപ്പില്‍ നടന്നത്. യന്ത്രത്തിനരികില്‍ പോയി ചപ്പാത്തി നിര്‍മാണം ചേരനും മുക്തയും നേരില്‍ കണ്ടു. അതു കയ്യിലെടുത്തു നോക്കി. പിന്നീട് വേദിയില്‍ തടവുകാരെ സാക്ഷി നിര്‍ത്തി അവ രുചിച്ചു നോക്കി.  തമിഴ് സിനിമയുടെ ചിത്രീകരണത്തിനു ജയിലിലെത്തിയതായിരുന്നു ഇവര്‍. സംവിധായകന്‍ എസ്.എം. വസന്തും സന്നിഹിതനായിരുന്നു.

പ്രൊഡക്ഷന്‍
എക്സിക്യൂട്ടീവ് എ. കബീറിന് ആദ്യപാക്കറ്റ് നല്‍കിയാണ് ചേരന്‍ ഉദ്ഘാടനം ചെയ്തത്. ദിവസവും 700 ചപ്പാത്തിയുടെ ഓര്‍ഡര്‍ ഉദ്ഘാടനത്തലേന്നു തന്നെ  ലഭിച്ചു കഴിഞ്ഞു. 500 ചപ്പാത്തിക്കു മേലുള്ള ഓര്‍ഡര്‍ ഒരുമിച്ചു ലഭിച്ചാല്‍ എപ്പോള്‍ വേണമെങ്കിലും നിര്‍മിച്ചു നല്‍കാമെന്നു ജയില്‍ സൂപ്രണ്ട് ബി. പ്രദീപ് പറഞ്ഞു.

ഈ വര്‍ഷം പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ നിന്നുള്ള വരുമാനം നാലു കോടി രൂപയാകുമെന്നു ജയില്‍ മേധാവി അലക്സാണ്ടര്‍ ജേക്കബ് പറഞ്ഞു. കഴിഞ്ഞ വര്‍ഷം 2.68 കോടി രൂപയാണു ഖജനാവില്‍ അടച്ചത്. തലസ്ഥാന നഗരിയില്‍ 11 ലക്ഷം ജനമുണ്ട്. ദിവസം 15 ലക്ഷം ചപ്പാത്തി ഇവര്‍ ഉപയോഗിക്കുന്നു. ഇതില്‍ രണ്ടു ലക്ഷം ചപ്പാത്തി വിപണിയില്‍ നിന്നാണു ജനം വാങ്ങുന്നത്. ആറു രൂപയാണ് ഒരു ചപ്പാത്തിയുടെ വിപണി വില. അവിടെയാണു 30 ഗ്രാം ഭാരമുള്ള നല്ല ചപ്പാത്തി രണ്ടു രൂപയ്ക്കു ജയില്‍ അധികൃതര്‍ വിപണിയിലെത്തിക്കുന്നത്.

ഒരു ബേക്കറി യൂണിറ്റിന്റെ പദ്ധതി സര്‍ക്കാരിനു സമര്‍പ്പിച്ചിട്ടുണ്ട്. അതിന് അംഗീകാരം ലഭിച്ചാല്‍ തിഹാര്‍ ജയിലില്‍ നിര്‍മിക്കുന്നതു പോലെ ബ്രെഡ് നിര്‍മിച്ചു വിപണിയിലെത്തിക്കും. വിയ്യൂര്‍ ജയിലിലുണ്ടാക്കുന്ന 4000 ചപ്പാത്തികള്‍ ദിവസവും തൃശൂരില്‍ വിറ്റുപോകുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. സൂപ്രണ്ട് ബി. പ്രദീപ്, വെല്‍ഫെയര്‍ ഓഫിസര്‍ കുമാരന്‍, പ്രോഗ്രാം ഓഫിസര്‍ ജയശ്രീ, ഡപ്യൂട്ടി ജയിലര്‍ എ.എ. ഹമീദ്, അസിസ്റ്റന്റ് ജയിലര്‍ ജെ. ജോസഫ് എന്നിവര്‍ പങ്കെടുത്തു.

0 comments:

Post a Comment