« NEWS UPDATES: »

Xpress Publishing via blog@xpresstvm.tk





Monday 5 December 2011

മോഡല്‍ സ്കൂള്‍-തമ്പാനൂര്‍ റോഡ് നിര്‍മാണം



തിരുവനന്തപുരം: തുടര്‍ച്ചയായി വിമര്‍ശനങ്ങള്‍ ഉയര്‍ന്നതോടെ മോഡല്‍ സ്കൂള്‍-തമ്പാനൂര്‍ റോഡ് നിര്‍മാണം ചൂടുപിടിച്ചു. വാട്ടര്‍ അതോറിറ്റിയുടെ സ്വിവേജ് ലൈനിലെ മാന്‍ഹോള്‍ നിര്‍മാണം താല്‍ക്കാലികമായി പൂര്‍ത്തിയാക്കിയതോടെ ഇന്നുരാവിലെ റോഡിന്റെ ഒരുവശം സഞ്ചാര യോഗ്യമാക്കുന്ന ജോലികള്‍ ആരംഭിക്കും. മോഡല്‍ സ്കൂള്‍ ജംക്ഷന്‍മുതല്‍ ഹൊറൈസണ്‍ ഹോട്ടല്‍വരെ വലതുഭാഗം ഈയാഴ്ച തന്നെ ടാര്‍ ചെയ്തു ഭംഗിയാക്കും.

അവിടെനിന്ന് അരിസ്റ്റോ ജംക്ഷന്‍ കടന്നു തമ്പാനൂര്‍വരെ തല്‍ക്കാലം റോളര്‍ ഓടിച്ച്, ഗതാഗത യോഗ്യമാക്കുകയും ചെയ്യും. ഫിലിം ഫെസ്റ്റിവലിനു മുന്നോടിയായി ഈ ജോലികള്‍ പൂര്‍ത്തിയാക്കുമെന്നാണ് അധികൃതരുടെ ഉറപ്പ്. വാട്ടര്‍ അതോറിറ്റിയുടെ ജോലികളാണു റോഡ് നിര്‍മാണത്തില്‍ തടസ്സങ്ങള്‍ സൃഷ്ടിക്കുന്നത്. ഇഴഞ്ഞു നീങ്ങിയ മാന്‍ഹോള്‍ നിര്‍മാണം ഏറെ വിമര്‍ശനങ്ങള്‍ക്കു ശേഷമാണു ചൂടുപിടിച്ചത്.

ഫിലിം ഫെസ്റ്റിവലിനു തലസ്ഥാനത്തെത്തുന്ന വിദേശ ഡെലിഗേറ്റുകള്‍ക്കു മുന്നില്‍ നാണംകെടുന്ന അവസ്ഥയാണെന്നു മാധ്യമങ്ങള്‍ ചൂണ്ടിക്കാട്ടിയതോടെ അധികൃതരും ഉണര്‍ന്നു. മാന്‍ഹോള്‍ നിര്‍മാണം ഇനിയും പൂര്‍ത്തിയാക്കാനുണ്ട്. ഫെസ്റ്റിവല്‍ പ്രമാണിച്ചു താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കുന്നു എന്നാണു വാട്ടര്‍ അതോറിറ്റിയുടെ ഭാഷ്യമെങ്കിലും ഇനിയുള്ള ഭാഗത്തേക്കു ടെന്‍ഡര്‍ നടപടികള്‍പോലും പൂര്‍ത്തീകരിച്ചിട്ടില്ല എന്നതാണു സ്ഥിതി.

ഹൊറൈസണ്‍മുതല്‍ മോഡല്‍ സ്കൂള്‍വരെ ഇനി മാന്‍ഹോളുകള്‍ നിര്‍മിക്കാനുണ്ടെങ്കിലും താല്‍ക്കാലികമായി
പണികള്‍ നിര്‍ത്തിവയ്ക്കുകയാണ്. ശേഷിക്കുന്ന മാന്‍ഹോളുകള്‍ നടപ്പാതയിലാണു നിര്‍മിക്കുന്നതെന്നും റോഡ് പണിയെ ബാധിക്കില്ലെന്നും വാട്ടര്‍ അതോറിറ്റിക്കാര്‍ പറയുന്നുണ്ട്. പക്ഷേ, പേരൂര്‍ക്കടയിലും മറ്റും നടപ്പാതയില്‍ മാന്‍ഹോളുകള്‍ നിര്‍മിക്കാന്‍വേണ്ടി റോഡിനു നടുവില്‍വരെ കുഴിച്ച അനുഭവം ഉണ്ട്.

അതിനാല്‍ മാന്‍ഹോള്‍ നിര്‍മാണം പൂര്‍ത്തിയാക്കിയ ശേഷമേ ഈ ഭാഗത്തെ റോഡ്പണി ആരംഭിക്കുകയുള്ളൂ എന്ന് അധികൃതര്‍ വ്യക്തമാക്കി. ഫിലിം ഫെസ്റ്റിവലിന്റെ തിരക്കു കണക്കിലെടുത്തു മോഡല്‍ സ്കൂള്‍മുതല്‍ ഹൊറൈസണ്‍വരെ വലതുഭാഗം ടാര്‍ചെയ്തു വൃത്തിയാക്കും. അവസാനത്തെ ഒരു ലെയര്‍ ടാറിങ് ഒഴിച്ചു ബാക്കി നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഈയാഴ്ച തന്നെ പൂര്‍ത്തിയാക്കുമെന്ന് അധികൃതര്‍ ഉറപ്പു തരുന്നു. ഹൊറൈസണ്‍ മുതല്‍ അരിസ്റ്റോ ജംക്ഷന്‍വരെയുള്ള ഭാഗം വെറ്റ്മിക്സ് ഇട്ട് നിരപ്പാക്കുകയും ചെയ്യും.

0 comments:

Post a Comment